ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി സഹകരിച്ച് പദ്ധതികള്‍ നടപ്പിലാക്കണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പദ്ധതി നിര്‍വഹണത്തിന് ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ സംയുക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്. കലക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ ചേര്‍ന്ന പതിനാലാം പഞ്ചവത്സര പദ്ധതി, പ്രഥമ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കണവാടികള്‍ വഴിയുള്ള പോഷകാഹാര വിതരണം, ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തനം, ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ വിതരണം, പകല്‍വീട് പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലെ പോരായ്മകള്‍ പരിഹരിച്ച് മികച്ച രീതിയില്‍ നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതി നിര്‍വ്വഹണ പരിശീലന പരിപാടി ഏപ്രില്‍ 27 മുതല്ട ബ്ലോക്കുതലത്തില്‍ ആരംഭിക്കുമെന്നും എല്ലാ ത്രിതല പഞ്ചായത്ത് അധികൃതരും പരിശീലനത്തില്‍ പങ്കെടുക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
63 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി സമര്‍പ്പിച്ചിരുന്നു. എല്ലാ പദ്ധതികള്‍ക്കും യോഗത്തില്‍ അംഗീകാരം നല്‍കി. ജല്‍ജീവന്‍ മിഷന്‍ പദ്ധതി നിര്‍വഹണത്തിനായി പഞ്ചായത്ത് ചെലവഴിക്കേണ്ട തുക എത്രയെന്ന് യോഗത്തില്‍ അവതരിപ്പിച്ചു. ജല്‍ജീവന്‍ മിഷന്‍ പദ്ധതി സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്താന്‍ മറ്റൊരു യോഗം ചേരാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥനസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.
പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ യോഗത്തില്‍ അനുമോദിച്ചു. സംസ്ഥാനതലത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ ഒന്നാം സ്ഥാനം നേടിയ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ് പുരസ്‌കാരം കൈമാറി. ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാജകുമാരി ഗ്രാമപഞ്ചായത്ത്, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സേനാപതി ഗ്രാമപഞ്ചായത്ത്. 100% പദ്ധതി നിര്‍വഹണം നടത്തിയ തൊടുപുഴ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകള്‍, രാജാക്കാട്, കുടയത്തൂര്‍, ഇരട്ടയാര്‍, വെള്ളിയാമറ്റം, പുറപ്പുഴ, മുട്ടം, ഏലപ്പാറ, കൊന്നത്തടി, കരുണാപുരം, കൊടിക്കുളം ഗ്രാമപഞ്ചായത്തുകള്‍ക്കും യോഗത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പിഎം നൗഷാദ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെഎം ഉഷ, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഡോ സാബു വര്‍ഗീസ്, ഡിപിസി അംഗങ്ങള്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതല വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.