മുനിയറകൾ സംരക്ഷണമില്ലാതെ നശിക്കുന്നു….
മറയൂർ : മറയൂർ മേഖലയിൽ ശിലായുഗ കാലഘട്ടത്തിന്റെ അവശേഷിപ്പുകളായ മുനിയറകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. സംരക്ഷണ വേലി പൊളിഞ്ഞതോടെ വിനോദസഞ്ചാരികൾ മുനിയറയുടെ മുകളിൽ കയറി ഇരിക്കുന്നതും നശിപ്പിക്കുന്നതും പതിവാകുന്നു. 3000 മുതൽ 9000 വർഷം പഴക്കം പറയുന്ന അവശേഷിപ്പുകളാണ് ഓരോരോ പാറക്കല്ലുകളും കൽപാളികൾ ചുമരുകളായി നിരത്തി മുകളിൽ ഒരു പാളി കല്ല് അടച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്. ആയുധങ്ങൾ ഇല്ലാത്ത കാലഘട്ടത്തിലാണ് പ്രകൃതിദത്തമായ രീതിയിൽ നിർമാണം.
പ്രദേശത്ത് മൂന്നടി മുതൽ 5 അടി പൊക്കമുള്ളതാണ് മുനിയറകൾ എന്നറിയപ്പെടുന്ന (കൽവീടുകൾ) 1978ൽ ആദ്യമായി മറയൂരിൽ മുനിയറകളെക്കുറിച്ചു സർവേ ആരംഭിച്ചു. തുടർന്ന് ഒട്ടേറെ ആർക്കിയോളജിക്കൽ വകുപ്പെത്തി ഗവേഷണം നടത്തി. മുനിയറകൾ സംരക്ഷകനായി ഇടയ്ക്കിടെ പഞ്ചായത്ത് ചെറിയ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ വേലിയും നിർമിച്ചു. കഴിഞ്ഞ 3 വർഷം മുൻപ് ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റ് സ്ഥിരമായി രണ്ട് വാച്ചർമാരെയും നിയമിച്ചിരുന്നു. ഇവർ ഇപ്പോൾ പ്രദേശത്തില്ല.
വർഷങ്ങൾക്കുമുൻപു പഞ്ചായത്ത് ഫണ്ടിൽ നിർമിച്ച സംരക്ഷണ വേലി ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റ് മേഖലയിലുള്ള അവശേഷിപ്പുകൾക്കു പരിഗണന നൽകുന്നില്ലെന്നാണ് ആരോപണം. മുനിയറകൾ സംരക്ഷണത്തിനായി അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ മറയൂർ മേഖലയിൽ ശിലായുഗ കാലഘട്ടത്തിന്റെ അവശേഷിപ്പുകൾ എന്നു ചരിത്രം പറയുന്ന മുനിയറകൾ നാമാവശേഷമാകും.