മലങ്കര ടൂറിസം പദ്ധതിക്ക് പുതിയ വികസന സ്വപ്നമായ ബോട്ട് സവാരി യാഥാർഥ്യമാകുന്നു.
മുട്ടം: മലങ്കര ടൂറിസം പദ്ധതിക്ക് പുതിയ വികസന സ്വപ്നമായ ബോട്ട് സവാരി യാഥാർഥ്യമാകുന്നു. അന്തിമ അനുമതി ഉടൻ ലഭിക്കുമെന്നാണ് ജലവകുപ്പ് അധികൃതർ നൽകുന്ന വിവരം. ബോട്ട് ഇറക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സ്വകാര്യ ഏജൻസികളും സഹകരണ ബാങ്കുകളും തയാറാണ്. ഇതിൽ തൊടുപുഴ അർബൻ ബാങ്ക് സമർപ്പിച്ച അപേക്ഷയാണ് അന്തിമ അനുമതി കാത്ത് കിടക്കുന്നത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ വിഭാഗം (എംവിഐപി) പദ്ധതിക്ക് പൂർണപിന്തുണ നൽകി പദ്ധതിയുടെ റിപ്പോർട്ട് മന്ത്രിതലത്തിൽ എത്തിച്ചിരിക്കുകയാണ്.
അവിടെ നിന്നുള്ള അനുമതികൾ കൂടി ലഭിച്ചാൽ ബോട്ടിങ് യാഥാർഥ്യമാകും. ഒട്ടേറെ ശുദ്ധജല പദ്ധതികളുള്ള മലങ്കര ജലാശയത്തിൽ വെള്ളം മലിനമാക്കാതെയുള്ള ബോട്ടിങ്ങിന് അനുമതി ലഭിക്കുക. തൊടുപുഴ അർബൻ ബാങ്ക് സമർപ്പിച്ചിരിക്കുന്നത് സോളർ ബോട്ട് ഇറക്കുന്നതിനുള്ള അനുമതിയാണ്. പരിസ്ഥിതി സൗഹൃദമായ സോളർ ബോട്ടിന് അനുമതി ലഭിക്കുന്നതിന് 10,20 സീറ്റുകളുള്ള രണ്ട് ബോട്ടുകൾ ഇറക്കാനുള്ള അനുമതിക്കാണ് ബാങ്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.കൂടാതെ 4 സീറ്റുള്ള ഒരു റെസ്ക്യു ബോട്ടും ചേർത്തുള്ള അപേക്ഷയാണ് ബാങ്ക് സമർപ്പിച്ചത്. ഇതിനായി 1.59 കോടിയാണ് പ്രതീക്ഷിക്കുന്നത്. ബോട്ടിങ് യാഥാർഥ്യമായാൽ ഒട്ടേറെ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാവും.
ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മലങ്കര ടൂറിസം പദ്ധതിക്ക് കാര്യമായ യാതൊരു പുരോഗതിയും കൈവരിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. കുട്ടികളുടെ ചെറിയ പാർക്കും കുറച്ച് ഇരിപ്പിടങ്ങളും മാത്രമാണ് ഇവിടെ ഉള്ളത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ബോട്ട് ജെട്ടി നിർമിച്ചിരുന്നു. ഇവിടെ സാധാരണ എൻജിൻ ബോട്ടുകൾ ഇറക്കുന്നതിനെക്കുറിച്ചു ചർച്ചകൾ വന്നെങ്കിലും ഈ ജലാശയത്തിൽ അനവധി കുടിവെള്ള സ്രോതസ്സുകൾ ഉള്ളതിനാൽ സോളർ ബോട്ട് മാത്രമേ പറ്റു എന്ന നിർദേശം വന്നു. അതാണ് ബോട്ടിങ് ആരംഭിക്കാൻ വൈകിയത്.