ഓപ്പറേഷൻ ‘മത്സ്യ’ പിടിമുറുക്കി ;ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ വലയിൽ കുടുങ്ങി…
തൊടുപുഴ: ഓപ്പറേഷൻ ‘മത്സ്യ’യുടെ ഭാഗമായി ജില്ലയിലെ മത്സ്യ മൊത്തവിൽപന കേന്ദ്രങ്ങളിലും മത്സ്യവിൽപന ശാലകളിലും നടത്തിയ പരിശോധനയിൽ 107 കിലോ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത ചൂര, നത്തോലി, കിളിമീൻ തുടങ്ങിയ മത്സ്യങ്ങൾ നശിപ്പിച്ചു. തൊടുപുഴ, നെടുങ്കണ്ടം, എന്നീ പ്രദേശങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ പിടികൂടിയത്. ഫോർമലിൻ, അമോണിയ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചാണ് പരിശോധനകൾ നടത്തിയത്.
സംശയാസ്പദമായി തോന്നിയ 19 മത്സ്യ സാംപിളുകൾ കാക്കനാട് റീജനൽ അനലിറ്റിക്കൽ ലാബിൽ പരിശോധനയ്ക്കായി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കി ജില്ലയിൽനിന്നു ലാബിൽ വിശദ പരിശോധനയ്ക്കായി അയച്ച മത്സ്യ സാംപിളുകളിലൊന്നും രാസപദാർഥങ്ങളുടെ അംശം കണ്ടെത്തിയിട്ടില്ല. തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫിസർ എം.എൻ.ഷംസിയ, ഉടുമ്പൻചോല ഭക്ഷ്യസുരക്ഷാ ഓഫിസർ ആൻ മേരി ജോൺസൺ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.