വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നും നിരക്ക് കൂട്ടരുതെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകുന്നേരത്തെ ഉപയോഗത്തിന് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത് യൂനിറ്റിന് 20 രൂപക്കാണ്. നമുക്ക് ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ ഇത്ര ചെലവ് വരില്ല. 300 മെഗാവാട്ടിന്‍റെ കുറവാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. ഈ സർക്കാർ വന്ന ശേഷം 70 മെഗാവാട്ട് വൈദ്യുതി കൂടുതൽ ഉൽപാദിപ്പിച്ചു. ഈവർഷം 200 മെഗാവാട്ട് കൂടി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കുറവ് നികത്താനായാൽ വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരില്ല. പകൽ സമയത്തെ നിരക്കിൽ ഇളവ് നൽകാനും കഴിയും.
സംസ്ഥാനത്ത് വ്യവസായങ്ങൾ നിലനിൽക്കാൻ വൈദ്യുതി വേണം. അത് കുറഞ്ഞ നിരക്കിൽ നൽകാൻ കഴിയണം. കുറഞ്ഞ ചെലവിൽ ഊർജം ലഭിക്കുന്നത് ജലവൈദ്യുതി പദ്ധതികളിലൂടെയാണ്. ഇടുക്കി പദ്ധതിയിൽ വൈദ്യുതി ഉൽപാദനത്തിന് 52 പൈസയേ വേണ്ടൂ. ഏതെങ്കിലും ജലവൈദ്യുതി പദ്ധതി തുടങ്ങാനൊരുങ്ങിയാൽ ഉടൻ എതിർപ്പുയരും. അതിന്‍റെ ദോഷം ഇപ്പോൾ അനുഭവിക്കുകയാണ്.
3000 ടി.എം.സി വെള്ളമുള്ള കേരളത്തിൽ 300 ടി.എം.സി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമോയെന്ന ചോദ്യത്തിന് അതിരപ്പിള്ളിയെ വലിച്ചിഴച്ച് മറ്റ് പദ്ധതികളെ കൂടി സ്തംഭിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കുരിയാർകുറ്റി-കാരപ്പാറ വിശദ പദ്ധതിരേഖ തയാറാക്കാൻ ടാറ്റാ കൺസൽട്ടൻസിക്ക് വിട്ടു. ഇടുക്കിയുടെ രണ്ടാം ഘട്ടത്തിനും നടപടിയുണ്ടാവും. ഇതെല്ലാം യാഥാർഥ്യമായാൽ ആവശ്യം കഴിഞ്ഞ് മിച്ചം വരുമെന്നും മന്ത്രി പറഞ്ഞു