കെഎസ്ആർടിസി : ഡിസ്ട്രിക്ട് കോമൺ പൂൾ (ഡിസിപി) പദ്ധതി ഫലത്തിൽ കൂടുതൽ നഷ്ടത്തിന് ഇടയാക്കുന്നതായി ആക്ഷേപം
ശമ്പളം കൊടുക്കാൻ പോലും പണം ഇല്ലാതെ കഷ്ടപ്പെടുന്ന കെഎസ്ആർടിസിയിൽ അടുത്ത കാലത്ത് ബസുകളുടെ കേന്ദ്രീകൃത അറ്റകുറ്റപ്പണികൾക്കായി ജില്ലാ തലത്തിൽ കൊണ്ടുവന്ന ഡിസ്ട്രിക്ട് കോമൺ പൂൾ (ഡിസിപി) പദ്ധതി ഫലത്തിൽ കൂടുതൽ നഷ്ടത്തിന് ഇടയാക്കുന്നതായി ആക്ഷേപം. കെഎസ്ആർടിസി ബസുകളുടെ അറ്റകുറ്റ പണികൾ ഡിസ്ട്രിക്ട് കോമൺ പൂൾ (ഡിസിപി) എന്ന പേരിൽ ഒരു സ്ഥലത്ത് ആക്കിയത് വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറയുന്നതുപോലെ ആയി. നേരത്തേ അതത് ഡിപ്പോകളിൽ വർക് ഷോപ്പുകളിൽ നടത്തിയിരുന്ന വാർഷിക അറ്റകുറ്റപ്പണികളും, പ്രധാനപ്പെട്ട മറ്റ് അറ്റകുറ്റപ്പണികളും ഇപ്പോൾ ഡിസിപി ഡിപ്പോയിലാണ് നടത്തുന്നത്.
തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, കുമളി ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ഡിസിപിയായി നിർണയിച്ചിട്ടുള്ള മൂലമറ്റത്ത് എത്തിച്ചു വേണം പണികൾ നടത്താൻ. അതേസമയം ബസുകളുടെ ചെറിയ പണികൾ മാത്രമാണ് അതതു ഡിപ്പോകളിൽ നടത്തുന്നത്. അതേസമയം വിവിധ ഡിപ്പോകളിൽ നിന്നു ഒട്ടേറെ ജീവനക്കാരെ ഡിസിപിയിലേക്ക് സ്ഥലം മാറ്റിയതോടെ തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ ഡിപ്പോകളിൽ അത്യാവശ്യ പണികൾ നടത്താൻ ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.