ചെറുകിട തേയില കർഷകരുടെ മക്കൾക്കുംഇനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്
കട്ടപ്പന: ചെറുകിട തേയില കർഷക ഫെഡറേഷന്റെ പന്ത്രണ്ട് വർഷത്തെ സമരങ്ങൾക്ക് ഒടുവിൽ ആശ്വാസം.തോട്ടം തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ഇനി മുതൽ ചെറുകിട തേയില കർഷകരുടെ മക്കൾക്കും ലഭ്യമാകും.തൊഴിലാളികളുടെ മക്കൾക്ക് നൽകി വരാറുള്ള പഠനസഹായ സ്‌കോളർഷിപ്പ് ഈ വർഷം മുതൽ ചെറുകിട തേയില കർഷകരുടെ മക്കൾക്കും നൽകാനാണ് സർക്കാർ ഉത്തരവ്.ഒന്നാം ക്ലാസ് മുതൽ ഉന്നത പഠനം വരെ 8000 രൂപ മുതൽ 20,000 രൂപ വരെ നൽകുന്നതാണ് പദ്ധതി.
ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്ക് വരെ ഈ സ്‌കോളർഷിപ്പ് ലഭ്യമാകും. കർഷകരിൽ നിന്നും ഇതിനോടകം തന്നെ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു.കാലാകാലങ്ങളായി ജില്ലയിലെയും സംസ്ഥാനത്തെയും കാൽ ലക്ഷത്തോളം വരുന്ന ചെറുകിട തേയില കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണിത്.വില തകർച്ചയും വ ഉദ്പാദനക്കുറവും മൂലം പൊറുതി മുട്ടുന്ന ചെറുകിട തേയില കർഷകർക്ക് ചെറുതെങ്കിലും ആശ്വാസം പകരുന്ന തീരുമാന മാണിത്.
കേന്ദ്ര സർക്കാരിന്റെ തേയില വികസന പദ്ധതി പ്രകാരമാണ് ചെറുകിട തേയില കർഷകരുടെ മക്കളെയും ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയത്. പ്രതിസന്ധികൾക്കിടയിൽ പച്ചക്കൊളുന്തിന് ഭേദപ്പെട്ട വില ലഭിക്കുന്നത് ചെറുകിട കർഷകർക്ക് ഏറെ ആശ്വാസകരമാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉദ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
• സ്കൂൾ മുതൽ ബിരുദാനന്തര ബിരുദം വരെ സ്കോളർഷിപ്പ്
സ്‌കൂൾ തലത്തിൽ 8000 രൂപ മുതൽ 10,000 രൂപ വരെയും ബിരുദ തലത്തിൽ 15000 രൂപയും ബിരുദാനന്തര ബിരുദ തലത്തിൽ 20,000 രൂപയുമാണ് സ്കോളർഷിപ്പായി നൽകുക.ടീ രജിസ്‌ട്രേഷൻ ഉള്ള കർഷകരുടെ മക്കൾക്കാണ് സ്‌കോളർഷിപ്പിന് അർഹത .മാർച്ച് അവസാന വാരം മുതൽ കർഷകരിൽ നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരുന്നു.