പേ ആൻഡ് പാർക്ക് വിവാദത്തിൽ നഗരസഭ ഹൈക്കോടതിയെ സമീപിക്കും
കട്ടപ്പന : പഴയ ബസ് സ്റ്റാൻഡ് പേ ആൻഡ് പാർക്കാക്കി മാറ്റുവാനുള്ള നടപടി തടസ്സപ്പെടുത്തിയ സംഭവത്തിൽ നഗരസഭ ഹൈക്കോടതിയെ സമീപിക്കും.ബസ് സ്റ്റാൻഡ് പേ ആൻഡ് പാർക്കാക്കി മാറ്റാനുള്ള കൗൺസിൽ തീരുമാനത്തിന്റെ മിനുറ്റ്സ് കോപ്പിയും,ഓഡിറ്റിംഗ് രേഖകളും സ്റ്റാൻഡിംഗ് കൗൺസിലിന് കൈമാറിയെന്ന് ചെയർപേഴ്സൺ ബീനാ ജോബി പറഞ്ഞു.
കോടതി അവധി കഴിഞ്ഞാൽ ലീഗൽ അഡ്വൈസർ മുഖേനെ ബസ് സ്റ്റാൻഡിൽ ഇരുമ്പ് പൈപ്പ് സ്ഥാപിക്കാൻ സംരക്ഷണ ആവശ്യപ്പെട്ട് പൊലീസിന് നൽകിയ കത്ത് അടക്കമുള്ള രേഖകൾ കോടതിയിൽ നൽകും. ലേലത്തിന് നൽകിയ തീരുമാനത്തിൽ നിന്ന് പിറകോട്ടില്ലെന്ന് കൗൺസിൽ നേരത്തേ തീരുമാനിച്ചിരുന്നു.ഒരാഴ്ച്ച മുൻപാണ് കരാറുകാരന് നഗരസഭ സെക്രട്ടറി ഗ്രൗണ്ട് അളന്നു തിരിച്ചു നൽകിയത്.
എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വ്യാപാരികളും സി ഐ റ്റി യു പ്രവർത്തകരും അളന്ന് തിരിച്ച് സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ പിഴുതുമാറ്റിയിരുന്നു.നഗരസഭയുടെ മുതൽ നശിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ അധികൃതർ ഒരുങ്ങുന്നത്.