കാട്ടാന ശല്യം രൂക്ഷം : അടിയന്തരമായി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ വനംവകുപ്പ് നീക്കം
രാജകുമാരി : ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരമായി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ വനംവകുപ്പ് നീക്കം. വനാതിർത്തി പങ്കിടുന്ന 20 കിലോമീറ്റർ ചുറ്റളവിൽ ഹാങ്ങിങ് ഫെൻസിങ് (തൂക്കുവേലി) സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. മൂന്നാർ ഡിഎഫ്ഒ രാജു ഫ്രാൻസിസിന്റെ നിർദേശപ്രകാരം ആന ഗവേഷകൻ ഡോ.സുരേന്ദ്രവർമ ചിന്നക്കനാൽ മേഖലയിലെത്തി പഠനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ വനംവകുപ്പിന്റെ പരിഗണനയിലുണ്ട്.
എന്നാൽ ഇൗ നിർദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികൾ പൂർത്തിയാക്കാൻ ഒന്നര വർഷമെങ്കിലും വേണ്ടിവരും. ഇൗ സാഹചര്യത്തിലാണ് കാട്ടാനശല്യം അടിയന്തരമായി പരിഹരിക്കുന്നതിനായി വനാതിർത്തിയിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാനുള്ള പദ്ധതി തയാറാക്കുന്നത്. 2002-03 കാലഘട്ടത്തിൽ ചിന്നക്കനാലിലെ വനമേഖലയിൽ ഭൂരഹിതരായ ആദിവാസി കുടുംബങ്ങളെ കുടിയിരുത്തിയതോടെയാണ് ഇവിടെയും സമീപ പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമായത്.
മൂന്നാർ ഡിഎഫ്ഒ ആയിരുന്ന പ്രകൃതി ശ്രീവാസ്തവയുടെ റിപ്പോർട്ട് അവഗണിച്ചാണ് ആനയിറങ്കൽ ജലാശയത്തോടു ചേർന്നുള്ള മേഖലകളിൽ ഭൂരഹിതർക്ക് ഭൂമി നൽകിയത്. അന്നു മുതൽ ഇതുവരെ 41 പേരാണ് ദേവികുളം റേഞ്ചിനു കീഴിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ 8 മാസത്തിനിടെ ബോഡിമെട്ട് സെക്‌ഷന് കീഴിൽ 2 പേരും ചിന്നക്കനാൽ സെക്‌ഷന് കീഴിൽ ഒരാളും കൊല്ലപ്പെട്ടു