സമരവുമായി കാട്ടുപന്നി രംഗത്ത് : വിഷയം,വന്യജീവി ആക്രമണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കണം..
വന്യജീവി ആക്രമണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം സമരം നടത്തുന്നതിനിടെ സമരവേദിക്ക് സമീപമെത്തി ‘ഐക്യദാർഢ്യം’ പ്രഖ്യാപിച്ച് കാട്ടുപന്നി.സമരവേദിയിലെ നേതാക്കൾക്ക് ഇരിക്കാനുള്ള കസേരയ്ക്ക് സമീപമെത്തിയ കൂറ്റൻ കാട്ടുപന്നി വേദിക്ക് സമീപം വട്ടം കറങ്ങി നിൽപായി. ബുധനാഴ്ച കുമളി തേക്കടി റോഡിലെ ഫോറസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിന്റെ മുൻവശത്താണ് സമരം നടന്നത്. വനംവകുപ്പ് ഓഫിസുകളുടെ മുന്നിൽ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വന്യജീവി ആക്രമണം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
സമരത്തിൽ നേതാക്കളുടെ പ്രസംഗം പുരോഗമിക്കുന്നതിനിടെ കർഷക സംഘം ജില്ല എക്സിക്യൂട്ടീവ് അംഗം കെ.സോമശേഖരൻ പ്രസംഗിക്കുന്നതിനിടെയാണ് സമര വേദിയിലേക്ക് കാട്ടുപന്നിയുടെ രംഗ പ്രവേശം.
വന്ന് ചുറ്റും നോക്കി പ്രസംഗവും കേട്ട ശേഷമാണ് കാട്ടുപന്നി മടങ്ങിയത്. സമരത്തിനിടെ കാട്ടുപന്നിയുടെ വരവ് പ്രാസംഗികൻ മൈക്കിലൂടെ എടുത്ത് പറയുകയും ചെയ്തു.സ്ഥലത്ത് അപകട സാഹചര്യമൊന്നും കാട്ടുപന്നി സൃഷ്ടിച്ചില്ലെന്നു ഭാരവാഹികൾ പറഞ്ഞു. പ്രദേശത്തെ വനമേഖലയിൽ നിന്നും എത്തിയതാണ് കാട്ടുപന്നിയെന്നാണു കരുതുന്നത്.