മദ്യലഹരിയിൽ സത്യം വിളിച്ചുപറഞ്ഞു; കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ
മദ്യലഹരിയില്‍ സത്യം വിളിച്ചു പറഞ്ഞ കഞ്ചാവു കച്ചവടക്കാരന്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. മലപ്പുറം വണ്ടൂരിലാണ് വഴിയെ പോയ എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞു നിര്‍ത്തി തൊണ്ടി സാധനങ്ങള്‍ തെളിവു സഹിതം ഉദ്യോഗസ്ഥര്‍ക്ക് കൈമാറി പ്രതി സ്വയം അറസ്റ്റ് വരിച്ചത്.
മലപ്പുറം പൊന്‍മളയിലെ പളളിപ്പടി അരൂര്‍തൊടിക ഹനീഫ ചില്ലറ വില്‍പനക്കായാണ് കഞ്ചാവുമായി വണ്ടൂര്‍ പൂക്കുളത്തെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം. വണ്ടൂരില്‍ എത്തിയപ്പോഴെ മദ്യലഹരിയിലായതോടെ കഞ്ചാവു കച്ചവടക്കാരനിലെ സത്യസന്ധത ഉണര്‍ന്നു. പരിസരത്തുകൂടി കടന്നുപോയ എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ച് താന്‍ കഞ്ചാവു കച്ചവടക്കാരനാണന്നും തന്‍റെ ദുഷ്ട പ്രവര്‍ത്തനം സമൂഹത്തെ നശിപ്പിക്കുമെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിശ്വാസം വരാതെ വന്നതോടെ വസ്ത്രത്തിനുളളില്‍ മറച്ചു വച്ച കഞ്ചാവു പൊതികള്‍ തെളിവായി കൈമാറി.
ആയിരം രൂപയ്ക്ക് ചില്ലറ വില്‍പന നടത്തുന്ന 25 കഞ്ചാവ് പൊതികളാണ് തനിക്കെതിരെയുളള കേസ് ഉറപ്പാക്കാന്‍ തൊണ്ടി മുതലായി ഹനീഫ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. കഞ്ചാവു കച്ചവടവുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും ഉദ്യോഗസ്ഥരോട് തുറന്നു പറഞ്ഞു. മദ്യലഹരി ഇറങ്ങിയതോടെയാണ് കഞ്ചാവു കേസില്‍ അകത്തായ കാര്യം പ്രതി സ്വയം തിരിച്ചറിഞ്ഞത്.