കരളിനു കരുതലായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ
കട്ടപ്പന: കരളിനു കരുതലായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹൈസ് സ്‌കൂളിലെ 1983 ബാച്ച് വിദ്യാര്‍ഥികളാണ് സഹപാഠികളില്‍ ഒരാള്‍ക്ക് കരള്‍ പകുത്തു നല്‍കാന്‍ വീണ്ടും ഒത്തു ചേര്‍ന്നത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹൈസ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന വണ്ടിപ്പെരിയാർ സ്വദേശി രഘുനാഥന്‍ പിന്നീട് സെയില്‍ ട്ക്‌സ് ജോയിന്റ് കമ്മിഷ്ണറായി ജീവിതം മുന്നോട്ട് പോയെങ്കിലും ജീവിത യാത്രയിയില്‍ കരള്‍ അദ്ദേഹത്തോട് പിണങ്ങി.
അസുഖം മൂര്‍ഛിച്ചതോടെ ജീവിതത്തിനും മരണത്തിനുമിടയിലായിരുന്നു പിന്നീടുള്ള ജീവിതം. ഇതിനിടെയാണ് പഴയ സഹപാഠിയുടെ സാഹചര്യം മറ്റുള്ളവര്‍ അറിയുന്നത്. ഇതോടെ 1983 ബാച്ചിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ വീണ്ടും ഒത്തു ചേര്‍ന്നു. കരള്‍ പോലെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന രഘുനാഥന് കരള്‍ പകുത്തു നല്‍കാന്‍ തയാറായി അതേ ബാച്ചിലെ തന്നെ അഞ്ച് പേരാണ് മുന്നോട്ട് വന്നത്.
എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കിടെയിലും നിയമപരമായ വേലിക്കെട്ടുകള്‍ക്കിടയിലും ഈ അഞ്ച് പേരുടെയും കരളിന് രഘുനാഥനുമായി പൊരുത്തപ്പെടാനായില്ല.
ഇതിനിടെയാണ് അതേ ബാച്ചിലെ സുരേഷിന്റെ ഭാര്യ സുമയുടെ കരള്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയത്. സുരേഷ് തന്നെയാണ് ഇതിനു മുന്‍കൈ എടുത്തതും. സുമയ്ക്കും പൂര്‍ണ സമ്മതമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. കഴിഞ്ഞ ഡിസംബര്‍ എട്ടിനായിരുന്നു ശസ്ത്രക്രിയ. നാല് മാസം പിന്നിട്ടപ്പോള്‍ രഘുനാഥനും സുമയും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെയെത്തി. അധികമാരും അറിയാതിരുന്ന ഈ കരള്‍മാറ്റത്തിന്റെ കഥ ലോക കരള്‍ ദിനത്തിലാണ് സുഹൃത്തുക്കള്‍ പുറത്തുവിട്ടത്.