കെഎസ്ആർടിസിക്കു വിപണി വിലയിൽ ഡീസൽ ;എണ്ണക്കമ്പനികളുടെ അപ്പീൽ..
കെഎസ്ആർടിസിക്കു വിപണി വിലയിൽ ഡീസൽ നൽകാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികളുടെ അപ്പീൽ. ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു ബിപിസിഎൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.
ഡീസലിനു വിപണിവിലയേക്കാൾ ഉയർന്ന നിരക്ക് കെഎസ്ആർടിസിക്ക് ഈടാക്കുന്നത് വിവേചനപരമാണ് എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിട്ടത്. എണ്ണക്കമ്പനികൾ ബൾക്ക് പർച്ചേസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കെഎസ്ആർടിസിക്കു ലീറ്ററിന് 121 രൂപ വരെ ഈടാക്കി ഇന്ധനം നൽകിയിരുന്നത്.
പൊതു ഗതാഗത സംവിധാനത്തിന് ഇത്തരത്തിൽ വലിയ വിലയ്ക്ക് ഇന്ധനം നൽകുന്നത് രാജ്യത്തെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും എതിരാണ് എന്നായിരുന്നു കെഎസ്ആർടിസിയുടെ വാദം. വിപണി വിലയ്ക്ക് ഇന്ധനം നൽകാൻ നിർദേശിച്ച ഹൈക്കോടതി, ഹർജിയിൽ വിശദമായ വാദം വേണമെന്ന് ആവശ്യപ്പെട്ടാണ് ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ നിയമപോരാട്ടം തുടരുമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.