ലഫ്. ജനറൽ മനോജ് പാണ്ഡേ അടുത്ത കരസേനാ മേധാവി ;കരസേനയുടെ പരമോന്നതപദവിയിൽ എത്തുന്ന ആദ്യ എൻജിനീയർ…
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡേ രാജ്യത്തിന്റെ അടുത്ത കരസേനാ മേധാവിയാകും. നിലവിൽ കരസേനാ ഉപമേധാവിയാണ്. കരസേനയുടെ നിലവിലെ മേധാവി എം.എൻ. നരവണെയുടെ കാലാവധി ഏപ്രിൽ 30-ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്.കരസേനയുടെ പരമോന്നതപദവിയിൽ എത്തുന്ന ആദ്യ എൻജിനീയർ എന്ന പ്രത്യേകതയും ഇതോടെ പാണ്ഡേയ്ക്ക് സ്വന്തമാകും. മേയ് ഒന്നിനാണ് അദ്ദേഹം ചുമതലയേൽക്കുക.
സി.പി. മൊഹന്തി വിരമിച്ചതിന് പിന്നാലെ ഫെബ്രുവരി ഒന്നിനാണ് പാണ്ഡേ, കരസേനാ ഉപമേധാവിയായി ചുമതല ഏറ്റെടുത്തത്. അതിനു മുൻപ് കൊൽക്കത്തയിലെ ഈസ്റ്റേൺ കമാൻഡ് തലവനായിരുന്നു.നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന് പഠനം പൂർത്തിയാക്കിയ പാണ്ഡേ, 1982-ൽ എൻജിനീയേഴ്സ് കോറിൽ സേവനം ആരംഭിച്ചു. നിയന്ത്രണരേഖയ്ക്കു സമീപം പല്ലൻവാല സെക്ടറിൽ നടന്ന ഓപ്പറേഷൻ പരാക്രമിൽ ഒരു എൻജിനീയർ റെജിമെന്റിനെ നയിച്ചത് ഇദ്ദേഹമായിരുന്നു.ദീർഘകാല സൈനികജീവിതത്തിനിടെ നിരവധി നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്.