രാജകുമാരിയുടെ റാണി ; വെള്ളപ്പാറയിലെ തേനീച്ച കൂട്ടം….
രാജകുമാരിക്കൊരു റാണിയുണ്ട്. കാണണമെന്നുണ്ടെങ്കിൽ വെള്ളപ്പാറയിലേക്കു വരൂ. രാജകുമാരി നോർത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് വെള്ളപ്പാറ എന്ന പ്രദേശം. കീഴുക്കാംതൂക്കായ മലയുടെ ഒരു ഭാഗം നിറയെ വൻ തേനീച്ചയുടെ കൂടുകളാണ്. ചെറുതും വലുതുമായ അഞ്ഞൂറോളം കൂടുകളാണ് ഇവിടെ തേൻ ചുരത്തി ഞാന്നു കിടക്കുന്നത്. ഫെബ്രുവരി മുതൽ 3 മാസത്തേക്ക് പ്രദേശമാകെ തേൻ ഗന്ധം നിറയും.കുടിയേറ്റ കാലം മുതൽ ആളുകൾ ഇൗ തേൻപാറ കാണുന്നതാണ്.
പക്ഷേ ഇവിടെ നിന്ന് തേൻ ശേഖരിക്കാൻ നാട്ടുകാർ ഇതുവരെ ശ്രമിച്ചിട്ടില്ല. തമിഴ്നാട്ടിൽ നിന്ന് എല്ലാ വർഷവും മാർച്ച് മാസത്തോടെ ഇവിടെയെത്തുന്ന മുതുവാൻ വിഭാഗത്തിൽ പെട്ട ആദിവാസികൾക്കാണ് തേൻ പാറയുടെ അലിഖിത അവകാശം. ഇവർ മാത്രമാണ് ഇവിടെ നിന്ന് തേൻ എടുക്കാറുള്ളത്. ഇത്തവണയും തേൻപാറയുടെ അവകാശികളെത്തി തേൻ ശേഖരിച്ചിരുന്നു. ഇനിയും ഇരുനൂറിലധികം തേൻ കൂടുകൾ ഇവിടെ അവശേഷിക്കുന്നുണ്ട്. 300 മീറ്ററിന് മുകളിൽ ഉയരമുള്ള വലിയ പാറയിൽ നിന്നു തേൻ ശേഖരിക്കുന്നത് ശ്രമകരമാണ്.
വടം ഉപയോഗിച്ച് ഉൗഞ്ഞാലുണ്ടാക്കിയാണ് ആദിവാസി യുവാക്കൾ തേൻ കൂടുകൾക്ക് സമീപം എത്തുന്നത്. രാത്രിയിൽ ഇൗച്ചയെ പന്തം ഉപയോഗിച്ച് തുരത്തിയ ശേഷമാണ് തേൻ റാട്ടുകൾ അരിഞ്ഞു വീഴ്ത്തുന്നത്. താഴെ വലിയ പാത്രങ്ങളിൽ ഇത് ശേഖരിക്കാനും ആളുകളുണ്ട്. വൻ തേനീച്ചകളായതിനാൽ ഇവയുടെ കുത്തേറ്റാൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകും. എന്നാൽ തേനീച്ച കുത്തേറ്റ ഭാഗത്ത്‍ പുരട്ടാൻ ആദിവാസികൾക്ക് സ്വന്തമായ ചില പച്ച മരുന്നുകളുണ്ട്. അതു കൊണ്ട് തന്നെ വൻ തേനീച്ചകളെ ഇവർക്ക് ഭയമില്ല. മുതുവാൻ വിഭാഗത്തിലെ ധീരൻമാരായ യുവാക്കൾ തേൻ ശേഖരിച്ചാൽ ഇവിടെ വച്ച് തന്നെ നല്ല വില നൽകി ഇത് വാങ്ങാൻ നാട്ടുകാരെത്തും.