തദ്ദേശ സ്ഥാപന അദാലത്ത് ഇന്നു മുതൽ…..
തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്ന രണ്ടു ലക്ഷത്തോളം ഫയലുകളിൽ തീർപ്പാക്കാൻ ഇന്നുമുതൽ അദാലത്ത്. അതതു തദ്ദേശ സ്ഥാപന തലത്തിലാണ് അദാലത്ത്. പഞ്ചായത്ത് തലങ്ങളിൽ പ്രസിഡന്റ്, നഗരസഭകളിൽ ചെയർമാൻ, കോർപറേഷൻ മേയർ എന്നിവരാണ് സമിതി അധ്യക്ഷൻ. വൈസ് പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറിയാണ് കണ്‍വീനർ. കൂടാതെ അസിസ്റ്റന്റ് എൻജിനീയറും സമിതിയിലുണ്ട്. ഇവർ അടങ്ങുന്ന സമിതിയാകും അദാലത്തിനു നേതൃത്വം നൽകുക.
കെട്ടിടനിർമാണ ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസുകളാണ് കെട്ടിക്കിടക്കുന്നതിൽ അധികവും. ഇത്തരം കേസുകളിൽ നിയമപരമായി അനുവദനീയമായവയിൽ 20 ശതമാനം വരെ ഇളവുകൾ നൽകി പരിഹാരം കാണാനും നിർദേശമുണ്ട്. ജില്ലാതല സമിതിയിൽ ജില്ല ആസൂത്രണ സമിതി അധ്യക്ഷൻ ചെയർമാനും ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, ജില്ല ടൗണ്‍ പ്ലാനർ എന്നിവർ അംഗങ്ങളുമാണ്.
പ്രിൻസിപ്പൽ ഡയറക്ടർ, ഡയറക്ടർ (അർബൻ), ഡയറക്ടർ (റൂറൽ), ചീഫ് ടൗണ്‍ പ്ലാനർ, ചീഫ് എൻജിനീയർ എന്നിവരാണ് ഡയറക്ടറേറ്റ് തലത്തിലെ സമിതിയിൽ. കെട്ടിടനിർമാണ പെർമിറ്റുമായി മാത്രം ബന്ധപ്പെട്ട 1.67 ലക്ഷം അപേക്ഷകൾ ഇനിയും തീർപ്പാക്കാനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ക്ഷേമപെൻഷനുമായി ബന്ധപ്പെട്ടതും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മറ്റു സേവനങ്ങൾ സംബന്ധിച്ചതുമായ അപേക്ഷകളും അദാലത്തുകളിൽ പരിഹരിക്കും.