കഞ്ഞിക്കുഴി പഞ്ചായത്ത് ലക്ഷക്കണക്കിനു രൂപ മുടക്കി ടൗണിൽ നിർമിച്ച ബസ് സ്റ്റാൻഡ് നാശത്തിന്റെ വക്കിൽ.
ചെറുതോണി : നിർമാണം പൂർത്തിയാക്കി 12 വർഷം പിന്നിടുമ്പോഴും സ്റ്റാൻഡിൽ ബസ് പ്രവേശിക്കുന്നില്ല. 2010ൽ, പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് ഓഫിസിനു സമീപം ഒരേക്കർ സ്ഥലം വാങ്ങി കെയുആർഡിഎഫിൽ നിന്നും 75 ലക്ഷം രൂപ വായ്പ എടുത്തായിരുന്നു നിർമാണം. ബസുകൾക്കു സുഗമമായി കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനു സൗകര്യമില്ലാതിരുന്ന സ്ഥലത്താണ് സ്റ്റാൻഡ് പണിതത് എന്നാണു പ്രധാന ആക്ഷേപം.
പണികൾ പൂർത്തിയാക്കിയ ശേഷം സ്റ്റാൻഡിൽ ഇരിപ്പിടങ്ങളും ക്രമീകരിച്ച് ഇതോടനുബന്ധിച്ചുള്ള ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ വ്യാപാരികൾക്കു വാടകയ്ക്കു നൽകുകയും ചെയ്തിരുന്നു. ഉദ്ഘാടനം നടത്തിയ സ്റ്റാൻഡിൽ കഷ്ടിച്ച് ഒരാഴ്ച മാത്രമാണു ബസുകൾ കയറിയിറങ്ങിയത്. സ്റ്റാൻഡിലേക്കുള്ള ഇറക്കത്തിൽ ബസുകളുടെ ബോഡി റോഡിൽ ഉരയുന്നതു പതിവായതാണു വിനയായത്.
വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇരിപ്പിടങ്ങൾ തുരുമ്പെടുത്തു നശിച്ചു. യാത്രക്കാർ ഇവിടേക്കു വരാതായതോടെ മുറികൾ വാടകയ്ക്ക് എടുത്തവർ കച്ചവടം മതിയാക്കി പിൻമാറുകയും ചെയ്തു. ആരും നോക്കാനില്ലാത്ത അവസ്ഥയിലായ ബസ് സ്റ്റാൻഡും പരിസരവും പിന്നെ സാമൂഹികവിരുദ്ധരുടെ താവളമായി മാറി.സ്റ്റാൻഡിലേക്ക് വാഹനങ്ങൾ കയറുന്ന ഭാഗത്തു പോരായ്മകൾ ഉണ്ടെങ്കിൽ അതു പരിഹരിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.