വാഹന പാർക്കിംഗിനായി സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ പിഴുതുമാറ്റിയ സംഭവം; നഗരസഭ പൊലീസിൽ പരാതി നൽകി
കട്ടപ്പന : വാഹന പാർക്കിംഗിനായി നഗരസഭ ലേലം ചെയ്ത് നൽകിയ പഴയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ പിഴുതുമാറ്റിയ സംഭവത്തിൽ നഗരസഭ പൊലീസിൽ പരാതി നൽകി.കട്ടപ്പന ഡി വൈ എസ് പി ക്കാണ് നഗരസഭ സ്ഥാപിച്ച പൈപ്പുകൾ നശിപ്പിച്ചെന്ന് കാട്ടി സെക്രട്ടറി എസ് ജയകുമാർ രേഖാമൂലം പരാതി നൽകിയത്.വ്യാഴാഴ്ച്ച വൈകിട്ട് നാലോടെയാണ് പഴയ സ്റ്റാൻഡിനുള്ളിലെ വ്യാപാരികളും സി ഐ റ്റി യു നേതാക്കളുമെത്തി പേ ആൻഡ് പാർക്കിംഗിനായി നഗരസഭ അളന്ന് തിട്ടപ്പെടുത്തി സ്ഥാപിച്ച ഇരുപതോളം ഇരുമ്പ് ദണ്ഡുകൾ പറിച്ച് മാറ്റിയത്.
ബസ് സ്റ്റാൻഡിലുള്ള കച്ചവടക്കാരുടെ അഭിപ്രായം കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് നഗരസഭ ഭരണ സമിതി ബസ് സ്റ്റാൻഡ് ലേലത്തിൽ നൽകിയത് എന്നാണ് ഇവരുടെ പ്രധാന ആക്ഷേപം. കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്ന നീക്കം നഗരസഭ ഉപേക്ഷിക്കണമെന്നാണ് സി ഐ റ്റി യു നേതാക്കളുടെയും വ്യാപാരികളുടെയും ആവശ്യം.ബുധനാഴ്ച്ച രാത്രിയിലാണ് നഗരസഭ ജീവനക്കാർ പൊലീസ് സംരക്ഷണത്തിൽ പാർക്കിംഗിനായി ഇരുമ്പ് ദണ്ഡുകൾ ഗ്രൗണ്ടിന് ചുറ്റും സ്ഥാപിച്ചത്.അതേ സമയം പഴയ ബസ് സ്റ്റാൻഡ് ഗ്രൗണ്ട് ലേലത്തിനെടുത്ത കരാറുകാരൻ പണം തിരികെ ആവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചു.
2.9 ലക്ഷത്തിനാണ് കരാറുകാരൻ ഗ്രൗണ്ട് വാങ്ങിയത്.പകുതിയിലധികം പണം നഗരസഭയിൽ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പേ ആൻഡ് പാർക്കുമായി തന്നെ മുന്നോട്ട് പോകുമെന്നാണ് നഗരസഭാ അധ്യക്ഷയുടെ വിശദീകരികരണം.കൗൺസിൽ യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ അടക്കം അംഗീകരിച്ചാണ് ഗ്രൗണ്ട് ലേലത്തിൽ വിട്ട് നൽകിയത്.ഇപ്പോൾ സി പി ഐ എം നേതാക്കൾ അടക്കം ഈ വിഷയത്തിൽ തടസ്സം നിൽക്കുന്നത് എന്തെന്ന് വ്യക്തമല്ല എന്നും അധ്യക്ഷ പറഞ്ഞു. നഗരസഭയുടെ പരാതിയെ തുടർന്ന് പൊലീസ് പഴയ സ്റ്റാൻഡിൽ എത്തി പരിശോധിച്ചു.