ഇഷ്ടക്കാർക്കല്ല; പണിയെടുക്കുന്നവർക്ക്; പൊലീസ് മെഡലിന്റെ മാനദണ്ഡം പരിഷ്കരിച്ചു:
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ഇഷ്ടക്കാരെ തിരുകികയറ്റുന്ന ഉന്നതരുടെ നീക്കത്തിന് തടയിട്ട് മെഡലിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചു. മെഡല്‍ വേണമെങ്കില്‍ അഞ്ച് വര്‍ഷം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യണമെന്ന നിബന്ധന ഏര്‍പ്പെടുത്തി. ഉന്നതരുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മെഡലുകള്‍ നേടുന്നത് പതിവായതോടെയാണിത്. മെഡലിനായി വനിതകള്‍ക്കുള്ള മാനദണ്ഡത്തില്‍ ഇളവ് വരുത്തിയതിനൊപ്പം സംസ്ഥാനത്ത് ആദ്യമായി ഐ.പി.എസ് ഉദ്യോഗസ്ഥരെ പരിഗണിക്കാനും തീരുമാനിച്ചു.
പൊലീസുകാര്‍ക്ക് ലഭിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അംഗീകാരമാണ് മുഖ്യമന്ത്രിയുടെ മെഡല്‍. എന്നാല്‍ ഇത് അനര്‍ഹര്‍ കരസ്ഥമാക്കുന്നൂവെന്ന പരാതി കാലങ്ങളായുണ്ട്. മെഡല്‍ ലഭിക്കാന്‍ കുറഞ്ഞത് 10 വര്‍ഷം സര്‍വീസുണ്ടായിരിക്കണം. ഇതില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തത് പൊലീസ് സ്റ്റേഷനിലായിരിക്കണം . സി.പി.ഒ മുതല്‍ എസ്.ഐ വരെയുള്ളവര്‍ക്കാണ് ഈ നിബന്ധന. ഈ വിഭാഗത്തിലുള്ളവരാണ് പേഴ്സണല്‍ സ്റ്റാഫിലുള്ളതും.
ഇതുകൂടാതെയും മാനദണ്ഡങ്ങളില്‍ കാതലായ മാറ്റങ്ങളുണ്ട്. ഇതുവരെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് മെഡലില്ലായിരുന്നു. ഇനി ലോ ആന്റ് ഓര്‍ഡറില്‍ ജോലി ചെയ്യുന്ന രണ്ട് േപര്‍ക്ക് മെഡല്‍ നല്‍കും.
മെഡല്‍ ലഭിക്കാനുള്ള വനിതകളുടെ ചുരുങ്ങിയ സര്‍വീസ് കാലാവധി പത്ത് വര്‍ഷത്തില്‍ നിന്ന് ഏഴായി കുറച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനായി വകുപ്പ് തല അന്വേഷണമോ വിജിലന്‍സ് അന്വേഷണമോ നിലവിലുണ്ടാവരുതെന്നും പത്ത് വര്‍ഷത്തിനിടെ അച്ചടക്ക നടപടി നേരിട്ടവരായിരിക്കരുതെന്നുമുള്ള മാനദണ്ഡം നിലനിര്‍ത്തി. ഒരു വര്‍ഷം നല്കുന്ന മെഡലുകളുടെയെണ്ണം 285ല്‍ നിന്ന് 300 ആയി ഉയര്‍ത്തിയതോടെ കൂടുതല്‍ പേര്‍ക്കും അവസരമൊരുങ്ങും.