കട്ടപ്പനയിലെ പഴയ ബസ് സ്റ്റാൻഡ് പാർക്കിങ് ഗ്രൗണ്ട് ആക്കുന്നതിനെതിരെ വൻ പ്രതിഷേധം ഉയരുന്നു
കട്ടപ്പന :നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ് പാർക്കിങ് ഗ്രൗണ്ട് ആക്കുന്നതിന്റെ ഭാഗമായി അതിരുകൾ തിരിച്ചു സ്ഥാപിച്ച തൂണുകൾ സിപിഎം പ്രവർത്തകർ പിഴുതുമാറ്റി. 2022-23 സാമ്പത്തിക വർഷം 2.90 ലക്ഷം രൂപയ്ക്കു നഗരസഭയിൽ നിന്നു ലേലം ചെയ്തു സ്വകാര്യ വ്യക്തിക്കു നൽകിയ സ്ഥലത്ത് സ്ഥാപിച്ച തൂണുകളാണ് നീക്കം ചെയ്തത്. നഗരസഭയുടെ സ്ഥലമോ വസ്തുവോ ഉപയോഗശൂന്യമായി കിടക്കരുതെന്ന ഓഡിറ്റ് വിഭാഗത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ഭരണ സമിതി പഴയ സ്റ്റാൻഡ് ലേലം ചെയ്തു നൽകിയത്.
നഗരസഭയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കം ആരംഭിച്ചപ്പോൾ മുതൽ സ്റ്റാൻഡിലെ ഒരുവിഭാഗം വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. സ്റ്റാൻഡ് പാർക്കിങ് ഗ്രൗണ്ടാക്കി മാറ്റിയാൽ കച്ചവടത്തെ സാരമായി ബാധിക്കുമെന്നായിരുന്നു ആരോപണം. മാർച്ച് 15നു ലേലം നടന്നപ്പോൾ സിപിഎമ്മിന്റെ പിന്തുണയോടെ പഴയ ബസ് സ്റ്റാൻഡ് സമര സമിതിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫിസിനു മുൻപിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു.
എന്നാൽ പ്രതിഷേധം അവഗണിച്ച് 2.90 ലക്ഷം രൂപയ്ക്ക് പഴയ ബസ് സ്റ്റാൻഡ് ഫീസ് പിരിച്ച് വാഹന പാർക്കിങ് നടത്താൻ നഗരസഭ ലേലം ചെയ്തു നൽകി. കഴിഞ്ഞ ദിവസം സ്റ്റാൻഡിൽ പാർക്കിങ് സ്ഥലം അടയാളപ്പെടുത്തി നൽകാൻ എത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ ഒരു വിഭാഗം വ്യാപാരികൾ ചേർന്ന് മടക്കി അയച്ചിരുന്നു. അതിനുശേഷം പൊലീസ് സംരക്ഷണയിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച തൂണുകളാണ് ഇന്നലെ വൈകിട്ട് സിപിഎം പ്രവർത്തകരും വ്യാപാരികളും ചേർന്ന് ഇളക്കിമാറ്റിയത്.