ശൈശവ വിവാഹം:ജില്ലയുടെ പല മേഖലകളിലും പ്രായപൂർത്തിയാകാത്ത കുട്ടികളെ തമിഴ്നാട്ടിലെത്തിച്ച് വിവാഹം നടത്തുന്നു
ശൈശവ വിവാഹ കേസുകളിൽ ഉടുമ്പൻചോല പഞ്ചായത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസ്, ചൈൽഡ് ലൈൻ, സർക്കാർ വകുപ്പുകളുടെ അടിയന്തര യോഗം. ജില്ലയുടെ പല മേഖലകളിൽ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ തമിഴ്നാട്ടിലെത്തിച്ച് വിവാഹം നടത്തിയെന്ന് യോഗത്തിൽ സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത് 15 മുതൽ 20 വരെ ശൈശവ വിവാഹങ്ങൾ വരെയെന്നാണു കണ്ടെത്തൽ. കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന 3 കേസുകളിൽ സർക്കാർ റിപ്പോർട്ട് തേടി.
കേസുകളിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ജില്ലയിലെ 10 പഞ്ചായത്തുകളിൽ ശൈശവ വിവാഹങ്ങൾ നടക്കുന്നതായി ജില്ല ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസിന്റെ കണ്ടെത്തൽ. തോട്ടം മേഖലയിലും കേരള തമിഴ്നാട് അതിർത്തിയിലെ 10 പഞ്ചായത്തുകളിലും പഞ്ചായത്ത് തലത്തിൽ അടിയന്തര നടപടിക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. തോട്ടം മേഖലയിൽ 7 ശൈശവ വിവാഹങ്ങൾ നടന്നെന്ന മനോരമ വാർത്തയെ തുടർന്നാണ് സർക്കാർ നടപടി. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഇന്റലിജൻസ് എഡിജിപിയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അതിർത്തി പൊലീസ് സ്റ്റേഷനുകളിൽ ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള ത്വരിതാന്വേഷണം നടന്നുവരികയാണ്. ഇതിനെ തുടർന്നാണ് ജില്ല ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ എം.ജി.ഗീതയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. യോഗത്തിൽ നിയമനടപടികൾ ശക്തമാക്കാനും ബോധവൽകരണത്തിനും തീരുമാനം. ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സജികുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡിസിപിഒ എം.ജി.ഗീത, ഉടുമ്പൻചോല സിഐ ഫിലിപ് സാം, വൈസ് പ്രസിഡന്റ് ബീന ബിജി, മെംബർമാരായ പി.ഡി.ജോർജ്, ബെന്നി തുണ്ടത്തിൽ, അമ്പിളി തമ്പി എന്നിവർ പ്രസംഗിച്ചു.