കൊതുകുജന്യ രോഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്…
വേനൽമഴ ഇടവിട്ടു പെയ്യുന്നതിനാൽ കൊതുകുജന്യ രോഗങ്ങൾക്കു സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പാത്രങ്ങളിലും കുപ്പികളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കണമെന്നും അധികൃതർ അറിയിച്ചു. ജില്ലയിൽ ഇളംദേശം ഉൾപ്പെടെ, ചില ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണം. ഉപയോഗശൂന്യമായ വസ്‌തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുത്.
ടെറസിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങളിലും വീടിന്റെ പരിസരത്തും ഉപയോഗശൂന്യമായി കിടക്കുന്ന ചെറുപാത്രങ്ങൾ, കുപ്പികൾ, ചിരട്ടകൾ, അടപ്പുകൾ തുടങ്ങിയവ ശേഖരിച്ച് മഴ നനയാത്ത വിധം സൂക്ഷിക്കണം. റബർ തോട്ടങ്ങളിലെ ചിരട്ടകൾ കമഴ്ത്തി വയ്ക്കണം. ടയറുകൾ, വെട്ടിയ കരിക്കുകൾ, വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള കുഴികൾ തുടങ്ങിയവയുടെ ഉൾഭാഗം മണ്ണിട്ട് മൂടണം.
വേനൽ കടുത്ത സാഹചര്യത്തിൽ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങൾ തുടങ്ങിയ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. കടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും സൂര്യപ്രകാശം നേരിട്ടേൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം, കയ്യിൽ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതുക.
പാനീയങ്ങൾ, പഴച്ചാറുകൾ തുടങ്ങിയവ വാങ്ങി കുടിക്കുന്നവർ അതുണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം, വഴിയോരങ്ങളിലും കടകളിലും തുറന്നുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്, പഴവർഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും മലവിസർജനത്തിനു ശേഷവും സോപ്പുപയോഗിച്ച് നിർബന്ധമായും കൈകൾ കഴുകണം.