അടിമാലി താലൂക്ക് ആശുപത്രിയിൽ അനുവദിച്ച ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക് എന്നിവയുടെ പ്രവർത്തനം തുടങ്ങാനാകാത്തതിൽ പ്രതിഷേധം വ്യാപകം.
അടിമാലി താലൂക്ക് ആശുപത്രിയിൽ അനുവദിച്ച ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക് എന്നിവയുടെ പ്രവർത്തനം തുടങ്ങാനാകാത്തതിൽ പ്രതിഷേധം വ്യാപകം. 5 നിലകളുള്ള ആശുപത്രി കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ അനുമതി നേടിയെടുക്കുന്നതിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ആശുപത്രി വികസന സമിതിയും വേണ്ടത്ര ഇടപെടൽ സമയബന്ധിതമായി നടത്താൻ കൂട്ടാക്കാത്തതാണ് ഡയാലിസിസ് യൂണിറ്റിന് വിനയായത്.ഒരേ സമയം 10 പേർക്ക് ചികിത്സ ലഭിക്കുന്ന യൂണിറ്റ് ആശുപത്രി കെട്ടിടത്തിൽ നാലാം നിലയിലാണ് സജ്ജമാക്കിയിട്ടുള്ളത്.
3.60 കോടി രൂപയാണ് യൂണിറ്റിനുവേണ്ടി അനുവദിച്ചത്. ഒരു വർഷം മുൻപ് യൂണിറ്റിനു വേണ്ട സാമഗ്രികൾ ആശുപത്രിക്ക് ലഭിച്ചു. ഇതിനിടെ യഥാസമയം യൂണിറ്റ് തുടങ്ങാൻ കഴിയാതെ വന്നതോടെ ലഭിച്ച സാമഗ്രികളിൽ 3 എണ്ണം ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ഇടുക്കി മെഡിക്കൽ കോളജിന് കൈമാറി ഇതിനിടെ യൂണിറ്റിനുള്ള ആവശ്യം ശക്തമായതോടെ ആണ് ബന്ധപ്പട്ടവർ ബഹു നില കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റ അനുമതി നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
എന്നാൽ നീക്കങ്ങൾക്ക് ഒച്ചിന്റെ വേഗം മാത്രമാണുള്ളത്. ഇതോടെ ഡയാലിസിസ് യൂണിറ്റിന് ഒപ്പം ബ്ലഡ് ബാങ്കിന്റെ പ്രവർത്തനവും ഫയലിൽ വിശ്രമിക്കുകയാണ്. നാഷനൽ ഹെൽത്ത് മിഷൻ 50 ലക്ഷം രൂപയാണ് ബ്ലഡ് ബാങ്കിനു വേണ്ടി അനുവദിച്ചിട്ടുണ്ട്. ഭരണാധികാരികളും ജനപ്രതിനിധികളും ഉണർന്നു പ്രവർത്തിച്ചാൽ ഹൈറേഞ്ചിൽ നിന്നുള്ള ഒട്ടേറെ രോഗികൾക്ക് ഡയാലിസിസ് യൂണിറ്റിന്റെയും ബ്ലഡ് ബാങ്കിന്റെയും പ്രയോജനം ലഭിക്കും.