ജനത്തിന് ജീവിതച്ചെലവേറുന്നു, ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ്…
കോവിഡ് പ്രതിസന്ധി മറകടന്ന് ഇന്ത്യയുടെ ജിഎസ്ടി വരുമാനം റെക്കോര്‍ഡിലെത്തി. മാര്‍ച്ച് മാസത്തിൽ മാത്രം 1.42 ലക്ഷം കോടി രൂപയാണ് വരുമാനം. നികുതി സംവിധാനം ജിഎസ്ടി സമ്പ്രദായത്തിലേക്കു മാറിയതിനു ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഇത്തവണത്തെ വരുമാനത്തിൽ 15 ശതമാനം വർധനവുണ്ടായെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. 2020 മാർച്ച് മാസത്തെ അപേക്ഷിച്ച് 46 ശതമാനം വർധനവും ഇത്തവണയുണ്ടായി.
ഇതിനു മുൻപത്തെ റെക്കോർഡ് വരുമാനം ഈ വർഷം ജനുവരിയിലെ 1,40,986 കോടി രൂപയായിരുന്നു. കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽനിന്ന് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കുതിച്ചുകയറുന്നുവെന്ന് വ്യക്തമായ സൂചന നൽകുന്നതാണ് ജിഎസ്ടി വരുമാനക്കണക്ക്. ഇറക്കുമതി, സേവന മേഖലകളിലെ നികുതി വരുമാനത്തിലുണ്ടായ കുതിച്ചുചാട്ടമാണ് റെക്കോർഡ് വരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. നികുതി വെട്ടിപ്പു തടയാൻ സ്വീകരിച്ച നടപടികളും നികുതി പരിഷ്കരണവും വരുമാന വർധനവിന് ഊർജം പകർന്നു.
അതേസമയം, മാർച്ച് മാസത്തിൽ കേരളത്തിന്റെ ജിഎസ്ടി വരുമാനം 2089 കോടി രൂപയാണ്. 2021 മാർച്ച് മാസത്തെ അപേക്ഷിച്ച് 14 ശതമാനം വർധനവാണ് കേരളത്തിന്റെ ജിഎസ്ജി വരുമാനത്തിലുണ്ടായത്.