ആന്ധ്രയിൽനിന്നു ലോറിയിൽ കേരളത്തിലേക്കു കൊണ്ടുവരികയായിരുന്ന 225 കിലോഗ്രാം കഞ്ചാവ് പിടികൂടി
കുമളി : ആന്ധ്രയിൽനിന്നു ലോറിയിൽ കേരളത്തിലേക്കു കൊണ്ടുവരികയായിരുന്ന 225 കിലോഗ്രാം കഞ്ചാവ് നർകോട്ടിക് ഇന്റലിജൻസ് ബ്യൂറോയുടെ (എൻഐബി) സഹായത്തോടെ കേരള എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ പിടികൂടി. തമിഴ്നാട് സേലം ശങ്കരഗിരി സ്വദേശി അരുൺകുമാർ (33), കൃഷ്ണഗിരി ബെർഗൂർ അഞ്ചൂർ സ്വദേശി ഷണ്മുഖം (58) എന്നിവരെ അറസ്റ്റ് ചെയ്തു. ലോറിയിൽ പേപ്പർ ലോഡിനൊപ്പമാണു കഞ്ചാവ് കൊണ്ടുവന്നത്.ലോറിയിൽ കഞ്ചാവ് എത്തുന്നതായി എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറിനു വിവരം ലഭിച്ചു.
പ്രിവന്റീവ് ഓഫിസർ ബി.രാജ്കുമാർ, സിവിൽ എക്സൈസ് ഓഫിസർ ടി.എ.അനീഷ് എന്നിവർ തമിഴ്നാട്ടിൽ ഡിണ്ടിഗൽ ഭാഗത്തു നടത്തിയ അന്വേഷണത്തിൽ ലോറി കണ്ടെത്തി. പിന്നീടു ഡിണ്ടിഗൽ എൻഐബി ഉദ്യോഗസ്ഥരെ വിളിച്ച് പരിശോധന നടത്തിയതോടെയാണു കഞ്ചാവ് കണ്ടെടുത്തത്. എൻഐബി ഡിവൈഎസ്പി പുകഴേന്തിയുടെ നേതൃത്വത്തിൽ, ഇൻസ്പെക്ടർമാരായ രമേശ്, അനിത, എസ്ഐ പ്രേംകുമാർ, പൊലീസുകാരായ ഗോകുലപാലൻ, രാജു, സെൽവരാജ്, വിശ്വനാഥൻ, ആനന്ദ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.