ശമ്പളത്തോടെ എസ്എസ്എൽസി പരീക്ഷയെഴുതുന്ന ഒൻപതാം ക്ലാസുകാർ..!
ശമ്പളത്തോടെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഒൻപതാം ക്ലാസുകാരെക്കുറിച്ചു കേട്ടിട്ടുണ്ടോ ?! എസ്എസ്എൽസി പരീക്ഷകളിൽ ഭിന്നശേഷി വിദ്യാർഥികൾക്കു സഹായം നൽകുന്നതിനായി തിരഞ്ഞെടുക്കുന്ന 9–ാം ക്ലാസ് വിദ്യാർഥികൾക്കു പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു ദിവസം 100 രൂപ നൽകാറുണ്ട്. എല്ലാ പരീക്ഷയും കഴിയുമ്പോൾ 1000 രൂപയിലധികം ലഭിക്കും. ഭിന്നശേഷിക്കാരായ 41 വിദ്യാർഥികളാണ് മുണ്ടിയെരുമ ഗവ. ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇവർക്കായി 7 പരീക്ഷാ റൂമുകളും ക്രമീകരിച്ചിരുന്നു
ഒരു പരീക്ഷാഹാളിൽ 6 പരീക്ഷാർഥികളും ബാക്കി സഹായികളുമാണ്. സഹായികൾക്കു വരാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ പകരം 2 പേരെ കരുതൽ ശേഖരത്തിൽ ഉൾപ്പെടുത്തും. ഭിന്നശേഷിക്കാരായ കുട്ടികളുടെ മികവുകളും പ്രതിസന്ധികളും പരിശോധിച്ച ശേഷം സഹായിയെ ക്രമീകരിക്കണമോ എന്ന് വിദ്യാഭ്യാസ വകുപ്പാണു തീരുമാനിക്കുന്നത്. പരീക്ഷയിലെ ചോദ്യം വിശദീകരിച്ചു നൽകൽ, ഭിന്നശേഷി വിദ്യാർഥികൾ പറയുന്ന ഉത്തരം ക്രോഡീകരിച്ച് എഴുതുക എന്നിങ്ങനെയുള്ള സേവനങ്ങളാണ് സഹായികൾ നൽകുക.