പരപ്പ് മേഖലയ്ക്കു സമീപം പുലിയെ കണ്ടതായി അഭ്യൂഹം.
ഉപ്പുതറ ∙ അയ്യപ്പൻകോവിൽ പഞ്ചായത്ത് പരിധിയിലെ പരപ്പ് മേഖലയ്ക്കു സമീപം പുലിയെ കണ്ടതായി അഭ്യൂഹം. എന്നാൽ ഇതു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു വനം വകുപ്പ് വ്യക്തമാക്കി. കട്ടപ്പന – കുട്ടിക്കാനം സംസ്ഥാന പാതയിലൂടെ സഞ്ചരിച്ച കാർ യാത്രക്കാർ 23ന് രാത്രി ഒൻപതോടെ പുലിയെ കണ്ടതായാണു പ്രചാരണം. പുലി റോഡിനു കുറുകെ കടന്നുപോകുന്നതു കണ്ടെന്നും മേഖലയിൽ പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടെന്നുമാണു വാദം. എന്നാൽ തോടിന്റെ വശങ്ങളിൽ കണ്ട കാൽപാടുകൾ പുലിയുടേതല്ലെന്നു വനം വകുപ്പ് വ്യക്തമാക്കി. മേഖലയിൽ വനം വകുപ്പ് പരിശോധന നടത്തിയിരുന്നു.
2021 സെപ്റ്റംബറിൽ ഇടപ്പൂക്കുളത്തെ ജനവാസ മേഖലയിൽ 2 പുലികളെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. തുടർന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനുമുൻപ് മാർച്ചിൽ മേരികുളം ഡോർലാൻഡ് മേഖലയിൽ പുലിയെ കാണുകയും വനം വകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബർ 28ന് പൂവന്തിക്കുടിയിൽ കണ്ടെത്തിയ കാൽപാടുകൾ പുലിയുടേതാണെന്നു സ്ഥിരീകരിച്ചിരുന്നു. അതിനുശേഷം നിരപ്പേൽക്കട, ചെങ്കര, ചിന്നസുൽത്താനിയ മേഖലകളിലും പുലിയെ കണ്ടിരുന്നു.