ഉരുള്‍പൊട്ടല്‍ മോക്ഡ്രില്‍;ആശങ്കയും ആകാംക്ഷയും, ഒടുവില്‍ ആശ്വാസത്തിന് വഴിമാറി മോക്ഡ്രില്‍
സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയുടെ ഓറഞ്ച് മുന്നറിയിപ്പ് നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ചെറുതോണിയില്‍ നടത്തിയ മോക്ഡ്രില്‍ ആദ്യം ആശങ്കയ്ക്കും പിന്നെ ആകാംക്ഷയ്ക്കും ഒടുവില്‍ ആശ്വാസത്തിനും വഴിമാറി. ജില്ലയില്‍ ഉരുള്‍പൊട്ടല്‍ മോക്ഡ്രില്‍ നടത്താനായിരുന്നു നിര്‍ദ്ദേശം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ജില്ലയില്‍ ഓറഞ്ച് മുന്നറിയിപ്പ് ലഭിച്ച ഉടന്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രദേശ നിവാസികളെ ഒഴിപ്പിക്കുന്ന നടപടിയായിരുന്നു ആദ്യം. കിടപ്പുരോഗി ഉള്‍പ്പെടെയുള്ളവരെ ദുരന്ത സാധ്യതാ പ്രദേശത്തു നിന്ന് പ്രതീകാത്മകമായി സ്ട്രച്ചറില്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീടുണ്ടായ ‘മണ്ണിടിച്ചിലിലകപ്പെട്ടവരെ’ കോണി ഉപയോഗിച്ചും, കയര്‍ ഉപയോഗിച്ചും, തോളിലേറ്റിയും രക്ഷപ്പെടുത്തി.
കമ്പിയ്ക്കുള്ളില്‍ കുരുങ്ങിയ വ്യക്തിയെ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്. മണ്ണില്‍ പുതഞ്ഞയാളെ ജെസിബി ഉപയോഗിച്ച് മോക്ഡ്രില്ലില്‍ പുറത്തെടുത്തു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ റവന്യു, പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, മോട്ടോര്‍ വാഹന വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ള മുന്നൊരുക്കം വ്യക്തമാക്കുന്ന വിധത്തിലുള്ള മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.