കരുത്തരായ ജംഷഡ്പുർ എഫ്‍സിയെ വീഴ്ത്തി മഞ്ഞപ്പട ഫൈനലിൽ
വാസ്കോ∙ ആറു വർഷങ്ങൾക്കു ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) സെമിഫൈനലിലേക്കുള്ള വരവ് വെറുതെയല്ലെന്ന് ഇവാൻ വുക്കൊമനോവിച്ചും സംഘവും തെളിയിച്ചു. സെമിയിലെത്തിയാൽ ഫൈനൽ കളിക്കണമെന്ന ‘നിർബന്ധം’ ആറു വർഷങ്ങൾക്കിപ്പുറവും ബ്ലാസ്റ്റേഴ്സ് ചേർത്തു പിടിച്ചതോടെ, കരുത്തരായ ജംഷഡ്പുർ എഫ്‍സിയെ വീഴ്ത്തി മഞ്ഞപ്പട ഫൈനലിൽ. ഓരോ ഇഞ്ചിലും ആവേശം നിറഞ്ഞുനിന്ന രണ്ടാം പാദ സെമിയിൽ ജംഷഡ്പുരിനെ 1–1ന് സമനിലയിൽ തളച്ചാണ് മഞ്ഞപ്പടയുടെ മുന്നേറ്റം. ഇതോടെ ഇരുപാദങ്ങളിലുമായി 2–1ന്റെ ലീഡ് നേടിയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എലിൽ മൂന്നാം ഫൈനലിന് യോഗ്യത നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ അഡ്രിയൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. ജംഷഡ്പുരിന്റെ സമനില ഗോൾ 50–ാം മിനിറ്റിൽ പ്രണോയ് ഹാൾദർ നേടി. ആദ്യപാദത്തിലെ ഗോൾകൂടി ചേർത്ത് 2–1ന്റെ ലീഡോടെ ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഹൈദരാബാദ് എഫ്‍സി – എടികെ മോഹൻ ബഗാൻ രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.
ലീഗ് ഷീൽഡ് വിന്നേഴ്സ് എന്ന പകിട്ടുമായെത്തിയ ജംഷഡ്പുർ എഫ്‍സിയെ തീർത്തും നിഷ്പ്രഭരാക്കുന്ന പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കലാപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി സഹൽ അബ്ദുൽ സമദ് ഇത്തവണ മത്സരത്തിനു തൊട്ടുമുൻപ് പരുക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്സിനെ ക്ഷീണിപ്പിച്ചില്ല. രണ്ടാം പകുതിയിൽ കടുത്ത പോരാട്ടം കാഴ്ചവച്ച ജംഷഡ്പുരിന്റെ സമ്മർദ്ദതന്ത്രങ്ങൾക്കും മറുമരുന്ന് കണ്ടെത്തിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറിയത്.
ആദ്യപകുതിയിൽ പോരാട്ടം കനത്ത് വീറും വാശിയും കൂടിയതോടെ താരങ്ങളെ നിലയ്ക്കു നിർത്താൻ റഫറിക്ക് പലതവണ ഇടപെടേണ്ടി വന്നു. ഇടയ്ക്ക് ഗോൾവരയ്ക്കു പുറത്ത് സൈഡ് റഫറിയോട് കയർത്ത ജംഷഡ്പുർ പരിശീലകൻ ഓവൻ കോയലിനും റഫറി മഞ്ഞക്കാർഡ് നൽകി. ബ്ലാസ്റ്റേഴ്സ് താരം ആയുഷ് അധികാരിക്കും മഞ്ഞക്കാർഡ് ലഭിച്ചു.
∙ ഗോളുകൾ വന്ന വഴി
ബ്ലാസ്റ്റേഴ്സ് ഗോൾ: ഇടതുവിങ്ങിൽനിന്ന് അൽവാരോ വാസ്ക്വസ് ഫ്ലിക് ചെയ്ത് നൽകിയ പന്തിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു ലഭിച്ച അഡ്രിയൻ ലൂണ സ്വതസിദ്ധമായ ശൈലിയിൽ എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ജംഷഡ്പുർ ബോക്സിലേക്ക് മുന്നേറി. ബോക്സിനു തൊട്ടുമുന്നിൽനിന്ന് ഗോൾകീപ്പറിന്റെ സ്ഥാനം കണക്കാക്കി വലതുമൂലയിലേക്ക് പന്ത് പ്ലേസ് ചെയ്തു. ജംഷഡ്പുരിന്റെ കാവൽക്കാരൻ ടി.പി. രഹനേഷിന് എന്തെങ്കിലും ചെയ്യാനാകും മുൻപ് പന്ത് വലയിൽ. സ്കോർ 1–0.
ജംഷഡ്പുർ ഗോൾ: രണ്ടാം പകുതിയുടെ ആദ്യ മിനിറ്റു മുതൽ സമ്മർദ്ദം ചെലുത്തിയ ജംഷഡ്പുർ 50–ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തിയെങ്കിലും അതിന് വിദവാദത്തിന്റെ അകമ്പടിയുണ്ടായിരുന്നു. ജംഷഡ്പുരിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ ആരംഭം. കോർണർ കിക്കിൽനിന്ന് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കെത്തിയ പന്ത് ഡാനിയൽ ചീമയുടെ ദേഹത്തുതട്ടി ബ്ലാസ്റ്റേഴ്സ് ബോക്സിനു തൊട്ടു മുൻപിലേക്ക്. പന്ത് പോസ്റ്റിനു മുന്നിൽ പുറം തിരിഞ്ഞുനിന്ന പ്രണോയ് ഹാൾദറിന്റെ മുന്നിലേക്ക്. പന്ത് നിയന്ത്രിക്കുമ്പോൾ ഹാൾദറിന്റെ കൈകളിൽത്തട്ടിയെങ്കിലും റഫറി അതുകണ്ടില്ല. താരം വെട്ടിത്തിരിഞ്ഞു തൊടുത്ത ഷോട്ട് വലയിൽ.സ്കോർ 1–1.
∙ നഷ്ടമാക്കിയ അവസരങ്ങൾ
മത്സരത്തിന്റെ ആദ്യ മിനിറ്റിൽത്തന്നെ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച സുവർണാവസരം സ്പാനിഷ് സ്ട്രൈക്കർ അൽവാസോ വാസ്ക്വസ് അവിശ്വസനീയമായ വിധത്തിൽ പുറത്തേക്കടിച്ചു കളഞ്ഞിരുന്നു. പിന്നാലെ മത്സരം 10–ാം മിനിറ്റിലേക്ക് കടക്കുമ്പോൾ മറ്റൊരു ഗോളവസരം ക്രോസ് ബാറിൽത്തട്ടിയും ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.
ഇത്തവണ ജംഷഡ്പുർ പോസ്റ്റിനു മുന്നിൽനിന്ന് അപകടമൊഴിവാക്കാൻ ശ്രമിച്ച ക്യാപ്റ്റൻ പീറ്റർ ഹാർട്‌ലിയുടെ പിഴവിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ഗോളിന് തൊട്ടടുത്തെത്തിയത്. ഹാർഡ്‌ലിയുടെ നീക്കം മുൻകൂട്ടി കണ്ട് നിരങ്ങിയെത്തിയ ഹോർഹെ പേരേര ഡയസിന്റെ കാലിൽത്തട്ടി പന്ത് ജംഷഡ്പുൽ വലയിലേക്ക് പോയതാണ്. എന്നാൽ, ബ്ലാസ്റ്റേഴ്സിന്റെ നിർഭാഗ്യംകൊണ്ട് പന്ത് ക്രോസ്ബാറിലിടിച്ചു തെറിച്ചു. റീബൗണ്ടിൽനിന്ന് ഹോർഹെ പെരേര വീണ്ടും ലക്ഷ്യം കണ്ടെങ്കിലും ഓഫ്സൈഡിൽ കുടുങ്ങി. 36–ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് ജംഷഡ്പുരിനായി ഡാനിയൽ ചീമ ലക്ഷ്യം കണ്ടെങ്കിലും ഓഫ്സൈഡിൽ കുടുങ്ങി. 42–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻ സിങ്ങിന്റെ പിഴവിൽനിന്ന് ജംഷഡ്പുർ ഗോൾ നേടാതെ പോയത് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം. ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് കുത്തിയകറ്റാനുള്ള ശ്രമം പാളിയതാണ് ആശങ്ക പരത്തിയത്.
നേരത്തെ, മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ പരുക്കേറ്റ് മലയാളി താരം സഹൽ അബ്ദുൽ സമദ് പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിരുന്നു. ഒന്നാം പാദത്തിൽ ടീമിന്റെ വിജയഗോൾ നേടിയ സഹലിനു പകരം നിഷുകുമാറാണ് കളിക്കുന്നത്. ആദ്യ പാദത്തിൽ കളിച്ച ടീമിൽ ഒരു മാറ്റം കൂടിയുണ്ട്. സഞ്ജീവ് സ്റ്റാലിനു പകരം സന്ദീപ് സിങ് ടീമിലെത്തി. വാസ്കോയിലെ തിലക് മൈതാനിലാണ് മത്സരം അരങ്ങേറുന്നത്.
∙ ടീമുകൾ ഇങ്ങനെ
കേരള ബ്ലാസ്റ്റേഴ്സ് (4-4-2): പ്രഭ്സുഖൻ സിങ് ഗിൽ, ഹർമൻജോത് ഖബ്ര, ഹോർമിപാം റൂയിവ, മാർക്കോ ലെസ്കോവിച്ച്, നിഷു കുമാർ, സന്ദീപ് സിങ്, പ്യൂട്ടിയ, അഡ്രിയൻ ലൂണ, ഹോർഹെ പെരേര ഡയസ്, അൽവാരോ വാസ്‌കെസ്.
ജംഷഡ്പുർ എഫ്‌സി (4-2-3-1): ടി.പി.രഹനേഷ്, ലാൽഡിൻലിയാന റെൻത് ലി, ഏലി സാബിയ, പീറ്റർ ഹാർട്ലി, റിക്കി ലല്ലാവ്മ, ജിതേന്ദ്ര സിങ്, പ്രണോയ് ഹാൾദർ, ഇഷാൻ പണ്ഡിത, ഗ്രെഗ് സ്റ്റുവർട്ട്, റിത്വിക് ദാസ്, ഡാനിയൽ ചീമ
English Summary: Kerala Blasters VS Jamshedpur FC, ISL 2021-22 1st Semi Final, 2nd Leg- Live