ലക്ഷ്യം ‘മഞ്ഞലോഹം’; ഡോളർ ഉപേക്ഷിക്കുമോ റഷ്യ? കേരളത്തെ ഞെട്ടിക്കും ഇനി സ്വർണവില?
കേരളത്തിൽ സ്വർണവില വീണ്ടും പവന് 40,000 രൂപയാകാൻ ഇനി അധിക ദിവസം വേണ്ടിവരില്ല. പവൻ വില 39,000 രൂപയ്ക്കു തൊട്ടടുത്തെത്തി. റഷ്യ– യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്വർണവില ഇനിയും കുതിക്കാനാണു സാധ്യത. വലിയ ചാഞ്ചാട്ടമാണ് രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടാകുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യാന്തര തലത്തിൽ സ്വർണവിലയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 100 ഡോളറിന്റെ വർധനയുണ്ടായി. ഇതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തുമുണ്ടാകുന്നത്.
പവന് വില 38,720 രൂപയായി. വൻകിട നിക്ഷേപകർ വീണ്ടും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് ഇപ്പോൾ വിപണിയിൽ നിലനിൽക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ കേരളത്തിൽ സ്വർണവില ഇതുവരെയുള്ള റെക്കോർഡുകൾ തകർത്തു മുന്നേറും. കഴിഞ്ഞ 2 ആഴ്ചകൊണ്ട് സ്വർണവില 2000 രൂപയാണ് കൂടിയത്. യുദ്ധസാഹചര്യങ്ങൾക്ക് അയവു വരാതിരിക്കുകയും ആഗോള വിപണികളിലെ പ്രതിസന്ധി തുടരുകയും ചെയ്താൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കേരളത്തിൽ സ്വർണവില പവന് 40,000 രൂപ മറികടക്കും.
യുദ്ധത്തിൽ സ്വർണം ‘സുരക്ഷിതം’
രാജ്യാന്തര തലത്തിൽ യുദ്ധമോ മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ നിക്ഷേപകർ സ്വർണത്തിലേക്കു കൂടുമാറുന്നത് പതിവാണ്. എന്നാൽ യുക്രെയ്ൻ–റഷ്യ യുദ്ധം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും സ്വർണവിലയിൽ വലിയ വർധനവുണ്ടായിരുന്നില്ല. സ്വർണവില ഉയർന്നെങ്കിലും ഇടയ്ക്ക് നിക്ഷേപകർ ഓഹരിയിലേക്കു തിരിച്ചുവരവു നടത്തിയതിനെ തുടർന്നു വില കുറഞ്ഞിരുന്നു.
അസംസ്കൃത എണ്ണവില പിടിവിട്ടു കുതിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ വീണ്ടും സ്വർണത്തെ കൈവിടില്ലെന്ന സൂചനയാണ് ഇപ്പോൾ വിപണിയിൽ നിലനിൽക്കുന്നത്. യുദ്ധസാഹചര്യങ്ങൾ രൂക്ഷമാകുന്നതാണ് കാരണം. ഓഹരി വിപണികളിലെയും മറ്റും നിക്ഷേപം യുദ്ധകാലത്തു സുരക്ഷിതമല്ലെന്നാണ് വൻകിട നിക്ഷേപകരുടെ വിശ്വാസം. സ്വർണത്തോടൊപ്പം മറ്റു വിലയേറിയ ലോഹങ്ങളുടെയും വില ഉയരുകയാണ്.
സ്വർണവിലയിൽ ചാഞ്ചാട്ടം
കഴിഞ്ഞ 9 മാസമായി സ്വർണവിലയിൽ വലിയ മാറ്റങ്ങളുണ്ടായിരുന്നില്ല. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1780-1880 ഡോളർ വില നിലവാരത്തിൽ ചാഞ്ചാടി നിൽക്കുകയായിരുന്നു സ്വർണം. എന്നാൽ യുദ്ധം മുറുകുകയും യുദ്ധം അവശേഷിപ്പിക്കുന്ന പ്രത്യാഘാതങ്ങൾ ആഗോള വിപണിയിൽ തുടരുകയും ചെയ്യുമെന്നുറപ്പായതോടെയാണ് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നത്. ട്രോയ് ഔൺസിന് 1970 ഡോളറിലേക്കു വില ഉയർന്നു.
രൂപയുടെ നഷ്ടം, സ്വർണത്തിനു തിളക്കം
യുദ്ധം രാജ്യാന്തര വിപണിയിലുണ്ടാക്കുന്ന പ്രതിസന്ധി ഇന്ത്യൻ കറൻസിയെയും രൂക്ഷമായി ബാധിക്കുന്നുണ്ട്. കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന ഘടകമാണ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം, രാജ്യത്തേക്ക് ആവശ്യമായതിന്റെ ഭൂരിഭാഗം സ്വർണവും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണു രൂപയുടെ മൂല്യം സ്വർണവിലയെ ശക്തമായി സ്വാധീനിക്കുന്നത്.
രൂപ 76.43 ലേക്ക് ഇടിഞ്ഞതോടെ കേരളത്തിൽ സ്വർണത്തിന്റെ വില വലിയതോതിൽ കുതിക്കുകയാണ്. ഇന്നലെ (മാർച്ച് 5) ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടി. ഗ്രാമിന് 4840 രൂപയാണ് വില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 2000 രൂപയുടെ വിലവർധനവാണ് ഒരു പവൻ സ്വർണത്തിന് കേരളത്തിൽ അനുഭവപ്പെട്ടത്.
വില ഇനിയും കൂടും
രാജ്യാന്തര വിപണിയിൽ സ്വർണവില 2000 ഡോളർ എന്ന നിർണായക നിലവാരം മറികടക്കാനുള്ള സാധ്യതകളാണു വിപണിയിൽ നിലനിൽക്കുന്നത്. 2000 ഡോളർ വീണ്ടും മറികടന്നാൽ വില പിടിവിട്ടു കുതിക്കും. ‘സ്വിഫ്റ്റി’ൽനിന്ന് റഷ്യയെ പുറത്താക്കിയതോടെ രാജ്യാന്തര വ്യാപാരത്തിന് ഡോളറിനു പകരം റഷ്യ സ്വർണം ഉപയോഗിച്ചേക്കാമെന്ന നിഗമനങ്ങളും നിലനിൽക്കുന്നുണ്ട്. ഇത് ആഗോള തലത്തിൽ സ്വർണവില കൂട്ടുന്ന തീരുമാനമാകും.