അര്‍ഹരായവര്‍ക്ക് അതിവേഗം ഭൂമി നല്‍കും : മന്ത്രി കെ രാജന്‍ 100 ദിവസത്തിനുള്ളില്‍ നാലായിരം പട്ടയം ഇടുക്കിയില്‍ നല്‍കും
അര്‍ഹരായ ആളുകള്‍ക്ക് മുഴുവന്‍ അതിവേഗം പട്ടയം നല്‍കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 100 ദിനങ്ങള്‍ 200 പദ്ധതികള്‍ എന്ന ലക്ഷ്യത്തിലാണ് വകുപ്പിന്റെ പ്രവര്‍ത്തനം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാര്‍ട്ട് എന്ന മുദ്രാവാക്യവുമായാണ് റവന്യു വകുപ്പ് മുന്നേറുന്നത്. ഇതൊടനുബന്ധിച്ചു ഇടുക്കി ജില്ലയില്‍ 100 ദിവസത്തിനുള്ളില്‍ നാലായിരം പട്ടയം നല്‍കും. ജനകീയ സമിതി രൂപീകരിച്ച്് വില്ലേജ് ഓഫീസുകളിലെ ജനാധിപത്യ വത്കരണം ചരിത്രപരമായ മുന്നേറ്റമാണ് കൊണ്ട് വരികയെന്നും മന്ത്രി പറഞ്ഞു. റവന്യു സെക്രട്ടറിയേറ്റ് എന്ന കാഴ്ചപ്പാടോടു കൂടിയാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. എല്ലാ വില്ലേജ് ഓഫീസര്‍മാരുമായി 3 മാസത്തില്‍ ഒന്ന് എന്ന നിലയില്‍ യോഗം ചേരുന്നുണ്ട്. മന്ത്രി നേരിട്ടും അതോടൊപ്പം ജില്ലാ തലത്തിലും യോഗങ്ങള്‍ നടത്തി വരുന്നുണ്ട്. ജില്ലയിലെ തുടര്‍ച്ചയായി സംഭവിച്ച ദുരന്തങ്ങളില്‍ അതി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തന കാഴ്ചവെച്ച ജില്ലാ ഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു. ജില്ലയില്‍ സങ്കീര്‍ണമാകുന്ന ഭൂമി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു ആവശ്യമെങ്കില്‍ പുതിയ ചട്ടങ്ങളിലും, നിയമത്തിലും ഭേദഗതി വരുത്തണോയെന്ന് ആലോചിച്ചു തീരുമാനമെടുക്കും. കൂടാതെ ഡാമുകളോട് അനുബന്ധിച്ചുള്ള 3 ചങ്ങല പോലെയുള്ള പ്രാദേശങ്ങളിലെ പട്ടയ പ്രശ്നങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ മാര്‍ച്ച് പത്തിന് വൈദ്യുതി മന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനുമായി തിരുവനന്തപുരത്ത് സംയുക്തമായൊരു ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളും. കുറിഞ്ഞിമല സെറ്റില്‍മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹാരം കാണാന്‍ സ്പെഷ്യല്‍ ഓഫീസറായി ഡോ. എ. കൗശികനെ നിയമിച്ചിട്ടുണ്ട്. പട്ടയം പ്രശ്ങ്ങള്‍ വേഗത്തില്‍ തീര്‍ക്കനാണ് സര്‍ക്കാര്‍ തീരുമാനം. ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴിയിലെ ആദിവാസികളുടെ പട്ടയ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക പരിശോധനയ്ക്ക് ജീവനക്കാരെ നിയോഗിക്കും. അര്‍ഹരായവര്‍ക്ക് അതിവേഗം ഭൂമി കണ്ടെത്തി നല്‍കും. രവീന്ദ്രന്‍ പട്ടയവുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാളെ മുതല്‍ ഹിയറിങ്ങ് നടത്തും. നാളെ മറയൂര്‍ കീഴാന്തൂര്‍, കാന്തല്ലൂര്‍ എന്നീ വില്ലേജുകളിലും 14 ന് കുഞ്ചിത്തണ്ണിയിലും ഹിയറിങ്ങ് ആരംഭിക്കും. 551 പട്ടയത്തിന്മേലാണ് ഹിയറിങ്ങ് നടക്കുന്നത്. നടപടി ക്രമം വേഗത്തിലാക്കാന്‍ 12 ഡെപ്യൂട്ടി താഹസീല്‍ദാര്‍മാര്‍, 13 വില്ലേജ് ഓഫീസര്‍, 25 ക്ലാര്‍ക് / സീനിയര്‍ ക്ലര്‍ക്കുമാരെയുമായി 50 പേരെ ജില്ലയില്‍ നിയമച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ചുമതല എടുത്തു. വൈകല്യങ്ങളെ മറികടന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും, ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലും ഇടംപിടിച്ച് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയ കളക്ടറേറ്റിലെ റവന്യുവകുപ്പ് ജീവനക്കാരന്‍ പി.ഡി പ്രമോദിനെ മന്ത്രി യോഗത്തില്‍ ആദരിച്ചശേഷമാണ് യോഗം ആരംഭിച്ചത്. 100 ദിനങ്ങള്‍; 200 പദ്ധതികള്‍: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന തലവാചകവുമായി റവന്യു വകുപ്പ് ജനകീയമാവുകയാണെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. അര്‍ഹരായവര്‍ക്കു വേഗത്തില്‍ നിയമസാധുതയുള്ള പട്ടയം അനുവദിക്കുന്നതിനുള്ള ശ്രമമാണ് റവന്യു വകുപ്പ് പുതിയ നടപടിയിലൂടെ നടപ്പാക്കുന്നത്. നിലവിളുള്ള നിയമത്തിന്റേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ അപേക്ഷിച്ച സമയത്തെ അര്‍ഹത കൂടി പരിഗണിച്ചായിരിക്കും പുതിയ പട്ടയം നല്‍കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടുക്കി ഡാമിന്റെ 10 ചങ്ങല പ്രദേശത്തെ കട്ടപ്പന ടൗണ്‍ഷിപ്പ്, പൊന്‍മുടി 10 ചങ്ങല, വാത്തിക്കുടി, ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, കല്ലാര്‍കുട്ടി, ചെങ്കുളം, കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍ എന്നിവിടങ്ങളിലെ ഭൂമി പ്രശ്ന പരിഹാരവും യോഗത്തില്‍ അവലോകനം ചെയ്തു. പട്ടയ നടപടി നിര്‍ത്തിവെയ്ക്കണമെന്ന ചാനലില്‍ വാര്‍ത്ത ശരിയല്ല. പരാതിക്കാരനായ ശിവന്റെ മാത്രം പട്ടയം റദ്ദ് ചെയ്യുന്നത് നീട്ടിവെയ്ക്കാന്‍ മാത്രമാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളൂ. അന്വേഷണവുമായി മുന്നോട്ട് പോകാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എല്‍ ആര്‍ വിഭാഗത്തില്‍ നിലവിലുള്ള പതിനായിരത്തോളം കേസുകള്‍ നാലു മാസത്തിനകം പരിഹരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. കേരളത്തില്‍ 200 വില്ലേജുകളില്‍ ഒരേ സമയം ഡിജിറ്റല്‍ റീ സര്‍വ്വെയെന്ന ചരിത്രപരമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കേരളത്തില്‍ 1550 വില്ലേജുകളില്‍ നാലു വര്‍ഷത്തിനകം ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാക്കും മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എഡിഎം ഷൈജു പി ജേക്കബ്, സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജെ. മധു, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തുടങ്ങി ഉന്നതതല റവന്യു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.