ഇനി റോഡ് കുത്തിപ്പൊളിക്കില്ല ; പ്രവൃത്തി കലണ്ടർതയ്യാറാക്കുമെന്ന് മന്ത്രി
പണി പൂർത്തിയാക്കിയ റോഡുകൾ കുത്തിപ്പൊളിച്ച് വീണ്ടും പൈപ്പിടുന്നതടക്കമുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നത് പതിവാണ്. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികൾ ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോഴിതാ ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഇതിനായി പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ടാറിംഗിന് പിന്നാലെ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ നാട്ടിലെ കാലങ്ങളായുള്ള പ്രശ്നമാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിന് പ്രധാന കാരണം. ടാറിംഗ് പ്രവൃത്തി നടത്തുന്നതും പൈപ്പിടുന്നതും ജനങ്ങളുടെ ആവശ്യത്തിനാണ്. എന്നാല്‍ ടാറിംഗ് കഴിഞ്ഞ ശേഷം റോഡ് കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
പ്രവൃത്തി കലണ്ടറിന്‍റെ ഭാഗമായി പുതിയതായി ടാറ് ചെയ്തു പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കുകയുള്ളുവെന്നും ചോര്‍ച്ചയെ തുടര്‍ന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികള്‍, വലിയ പദ്ധതികള്‍, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍ എന്നിവയ്ക്കു മാത്രം ഇളവുകളുണ്ടാകണമെന്നും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.