ശാസ്ത്രത്തെ അടുത്തറിഞ്ഞ് കുമളി ഗവണ്മെന്റ് ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്
കുട്ടികളിലെ ശാസ്ത്ര അഭിരുചി വളര്‍ത്തിയെടുക്കുന്നതില്‍ ഈ ശാസ്ത്ര ദിനത്തില്‍ മാതൃകയാവുകയാണ് കുമളി ട്രൈബല്‍ യുപി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. ലുമിനോ 2022 എന്ന പേരില്‍ സ്‌കൂളില്‍ ഒരുക്കിയ വേദിയില്‍ 111 ലേറെ ശാസ്ത്ര പരീക്ഷണങ്ങളാണ് ഒരുക്കിയത്. ശാസ്ത്രദിന ആഘോഷത്തിന്റെ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മികവാണ് ഈ പരിപാടി അതിമനോഹരമായി നടപ്പിലാക്കാന്‍ സാധിച്ചതെന്നും സാധാരണ കുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച പഠന സാഹചര്യമാണ് സ്‌കൂളില്‍ അധ്യാപകര്‍ ഒരുക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എസ്എംസി ചെയര്‍മാന്‍ പി.ജെ ടൈറ്റസ് അധ്യക്ഷത വഹിച്ചു.
വളരെ പരിമിതമായ സൗകര്യങ്ങളില്‍ പോലും തങ്ങളുടെ കുരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അനുഭവങ്ങള്‍ പകര്‍ന്നു നല്‍കണമെന്ന അധ്യാപകരുടെ അതിയായ ആഗ്രഹവും പരിശ്രമവുമാണ് ഇത്തരത്തില്‍ ശാസ്ത്രദിനം വിപുലമായി ആഘോഷിക്കാന്‍ പര്യാപ്തമാക്കിയതെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രിന്‍സ് സി പറഞ്ഞു. ബലൂണ്‍ ഹാന്‍ഡ് പമ്പ്, വൈദ്യുതി ചാലകങ്ങള്‍, ഡൈനാമോ, കാപ്പിലറി ബലം, സൈഫണ്‍ പമ്പ്, മറഞ്ഞിരിക്കുന്ന അക്ഷരം, നനയാത്ത തുണി, രാവും പകലും, സര്‍ക്യൂട്ട്, ഡബിള്‍ കോണ്‍, സെന്റര്‍ ഓഫ് ഗ്രാവിറ്റി, ഫാന്‍സി ഹാന്‍ഡ്, ട്യൂണിങ് ഫോര്‍ക്, പാതാളകിണര്‍, അടുക്കുന്ന ബോള്‍, ബലൂണ്‍ ക്രാക്കര്‍, രാജാവീഥി, പൊട്ടാത്ത ബലൂണ്‍, വായു മര്‍ദ്ദം, സ്റ്റെതസ്‌കോപ്പ്, ഫോക്കല്‍ ലെങ്ത്, ജലത്തെ ഘടകങ്ങള്‍ ആക്കുന്നു, പുകപ്പെട്ടി, നനഞ്ഞ തീപ്പെട്ടി കത്തിക്കുന്നു, മര്‍ദ്ദ മാപിനി, കാലിഡോസ്‌കോപ്പ്, വാക്കി ടോക്കി, പേപ്പര്‍ ഗ്ലാസില്‍ വെള്ളം തിളപ്പിക്കുക, ന്യൂട്രാലൈസെഷന്‍, ന്യൂട്ടന്‍ തേര്‍ഡ് ലോ തുടങ്ങി നിരവധി പരീക്ഷണങ്ങളാണ് അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ തയ്യാറാക്കിയത്. കാഴ്ചക്കാര്‍ക്ക് ഓരോ പരീക്ഷണങ്ങളും വിശദമായി കുട്ടികള്‍ പരിചയപ്പെടുത്തി.
580 ഓളം കുട്ടികളാണ് കുമളി ഗവ ട്രൈബല്‍ യുപി സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. പണികള്‍ പൂര്‍ത്തിയാകുന്നതോടെ കുട്ടികള്‍ക്ക് മികച്ച പഠന സാഹചര്യം ഒരുക്കാന്‍ കഴിയുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ. ഫെബ്രുവരി 28 രാജ്യം ശാസ്ത്ര ദിനമായാണ് ആചരിക്കുന്നത്. 1986 ല്‍ ഫെബ്രുവരി 28ന് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി കമ്മ്യൂണിക്കേഷന്‍ ഇന്ത്യ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് എല്ലാ വര്‍ഷവുംരാജ്യത്ത് ഫെബ്രുവരി 28 ശാസ്ത്രദിനമായി ആചരിക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍, മറ്റ് സയന്‍സ്, എഞ്ചിനീയറിങ്, മെഡിക്കല്‍, റിസര്‍ച്ച് ഓര്‍ഗനൈസേഷനുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ദേശീയ ശാസ്ത്ര ദിനം ആചരിക്കാറുണ്ട്. ഒരു വ്യക്തിയുടെ ഏറ്റവും സുവര്‍ണ കാലഘട്ടം അവരുടെ സ്‌കൂള്‍ വിദ്യാഭ്യാസ കാലം തന്നെയാണ്. അവിടെ ശാസ്ത്ര അഭിരുചി വളര്‍ത്തിയെടുക്കുക, കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുമളി ട്രൈബല്‍ യുപി സ്‌കൂള്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വികെ ബാബുകുട്ടി, പീരുമേട് എഇഒ സുഗതന്‍ , സ്റ്റാഫ് സെക്രട്ടറി പി ജെ ശ്രീലാല്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.