യുക്രെയിനെതിരെ യുദ്ധം തുടങ്ങി റഷ്യ; മറ്റ് രാജ്യങ്ങൾ ഇടപെട്ടാൽ കനത്ത തിരിച്ചടി നൽകുമെന്ന് പുടിൻ
മോസ്കോ: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഉത്തരവിടുകയായിരുന്നു
സൈന്യത്തെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയാറാണെന്നും പുടിന്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു പുടിന്‍റെ പ്രഖ്യാപനം.
യുക്രെയ്നിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാന്‍ സൈന്യത്തിന് റഷ്യ നിര്‍ദേശം നല്‍കി. ഇടപെടാന്‍ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി ഉണ്ടാകുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി.
രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ യുക്രെയ്ന്‍ സൈനികരോട് ആയുധംവെച്ച് കീഴടങ്ങാന്‍ പുടിന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താന്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പാര്‍ലമെന്‍റ് പുടിന് അനുമതി നല്‍കിയിരുന്നു.
യുക്രെയ്ന്‍ തലസ്ഥാനമായ കിയവിലെ കര്‍ക്കീവ് അടക്കം ആറിടത്ത് സ്ഫോടനം നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിയവിലെ ക്രമസ്റ്റോക്കിലെ പാര്‍പ്പിട സമുച്ചയത്തിന് നേരെ വ്യോമാക്രണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റഷ്യന്‍ സൈന്യം യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ അടുത്ത സാഹചര്യത്തില്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യന്‍ സൈന്യം അതിര്‍ത്തി കടന്നാല്‍ സര്‍വശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് വൊളോദിമിര്‍ സെലന്‍സ്കി മുന്നറിയിപ്പ് നല്‍കി. രണ്ട് ലക്ഷത്തോളം വരുന്ന റിസര്‍വ് സൈനികര്‍ സൈനിക സേവനത്തിനായി തയാറായിരിക്കണമെന്ന് സെലന്‍സ്കി നിര്‍ദേശം നല്‍കി. 18-60 പ്രായക്കാരോട് സൈന്യത്തില്‍ ചേരാനും പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
അതേസമയം, കിഴക്കന്‍ യുക്രെയ്നിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. ചില വ്യോമപാതകള്‍ വഴിയുള്ള യാത്ര അപകടകരമായ സാഹചര്യത്തിലാണ് യുക്രെയ്ന്‍ അധികൃതരുടെ നടപടി.
അതിനിടെ, യുക്രെയ്നിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നു. പാര്‍ലമെന്‍റ്, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ വെബ്സൈറ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
അതേസമയം, യുക്രെയ്ന്‍ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടി. യു.എന്‍ സുരക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു.