ഓപ്പറേഷന്‍ സൈലന്‍സ്; ഒരാഴ്ച്ചക്കിടെ രജിസ്റ്റര്‍ ചെയ്തത് നാനൂറോളം കേസുകള്‍ പിഴതുകയായി ലഭിച്ചത് 13,19,000 രൂപ
ഇരുചക്ര വാഹനങ്ങളില്‍ രൂപ-ശബ്ദ മാറ്റം വരുത്തുന്നത് നിരീക്ഷിക്കാന്‍ തയ്യാറാക്കിയിട്ടുള്ള ഓപ്പറേഷന്‍ സൈലന്‍സിന്റെ ഭാഗമായി ഇടുക്കി ജില്ല എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നാനൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.എ നസീര്‍ അറിയിച്ചു. ഇരുചക്രവാഹനങ്ങളിലെ രപമാറ്റവുമായി ബന്ധപ്പെട്ട 40 കേസുകളും, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍ ഘടിപ്പിച്ചതിന് 30 കേസുകളും മറ്റു ഇരുചക്രവാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട 330 കേസുകളുമാണ് കഴിഞ്ഞ ആഴ്ച ഓപ്പറേഷന്‍ സൈലന്‍സിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.
പിഴതുകയായി 13,19,000 രൂപ ഈടാക്കുകയും ചെയ്തു. വരുംദിവസങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിലൂടെയും ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് തടയിടുവാനാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തയ്യാറെടുക്കുന്നത്. അതിന് മുന്നോടിയായി ഇന്ന് (21.2.22) മറയൂരില്‍ ഇടുക്കി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ സംയുക്ത പരിശോധന നടത്തുവാന്‍ തീരുമാനിച്ചു. ഇതോടൊപ്പം ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് സൊസൈറ്റിയുടെയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.
ഇതുപോലെ വിവിധ സ്ഥങ്ങളില്‍ സന്നദ്ധ സംഘടനകളെയും തദ്ദേശസ്ഥാപനങ്ങളെയും ഏകോപിച്ച് നിയമ പാലന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനാണ് തീരുമാനം. ഇതിനു മുന്നോടിയായി പ്രധാനപ്പെട്ട സ്ഥലങ്ങളിലും ടൗണുകളിലും നാട്ടുകാരായ ഇന്‍ഫോര്‍മര്‍മാരുടെ സഹായം ഉറപ്പുവരുത്തും. തൊടുപുഴ, മങ്ങാട്ടുകവല, വെങ്ങല്ലൂര്‍, കോലാനി ബൈപാസുകളില്‍ നടക്കുന്ന റേസിംഗുകളും അഭ്യാസ പ്രകടനങ്ങളും വകുപ്പിന്റെ നിരീക്ഷണത്തിലാണ്. നിയമലംഘനങ്ങള്‍ പിടികൂടാന്‍ മഫ്തിയിലുള്ള ജീവനക്കാര്‍ പരിശോധന നടത്തുന്നതായും ആര്‍.ടി.ഒ പി.എ നസീര്‍ അറിയിച്ചു. സ്‌ക്വാഡുകളുടെ സംയുക്ത മിന്നല്‍ പരിശോധന വരും ആഴ്ചകളില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.