മൂന്നാറിൽ മ്ലാവിൻ കൊമ്പും ആനത്തേറ്റയുമായി 3 പേർ പിടിയിൽ
ഇടുക്കി/മൂന്നാര്‍: ആനത്തേറ്റയും മ്ലാവിന്‍റെ കൊമ്പുമായി മൂന്നുപേരെ വനം വകുപ്പിന്‍റെ ഫ്ലയിങ് സ്‌ക്വാഡ് പിടികൂടി. കെ.ഡി.എച്ച്.പി ചൊക്കനാട് എസ്റ്റേറ്റ് കൊളമാങ്ക ഡിവിഷന്‍ സ്വദേശികളായ നവരാജ് (41), പ്രേംകുമാര്‍ (43), ദേവികുളം കോളനി സ്വദേശിയായ പാണ്ടിത്തുരൈ (36) എന്നിവരാണ് പിടിയിലായത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാര്‍ -ദേവികുളം റോഡില്‍ മൂന്നാര്‍ ഗവ. കോളജിന് സമീപത്തുവെച്ചാണ് പ്രതികളെ പിടികൂടിയത്. ഓട്ടോയില്‍ വിൽപനക്കാർക്ക് എത്തിക്കാനായിരുന്നു ശ്രമം.
നാല് ആനത്തേറ്റക്ക് ആറുകിലോയോളം ഭാരം വരും.
ദേവികുളം റേഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജിന്‍റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. കഴിഞ്ഞയാഴ്ച പള്ളിവാസലില്‍വെച്ച് മാന്‍കൊമ്പുമായി ഒരാള്‍ പിടിയിലായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ മൂന്ന് കേസിലായി 10 പേരാണ് ഇതുവരെ വനം വകുപ്പിന്‍റെ പിടിയിലായത്. ജൂലൈയില്‍ കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രിസ് കൈമാറ്റം ചെയ്യുന്നതിനിടെ ആറുപേര്‍ പിടിയിലായിരുന്നു..