അമിതമായ വിഷം, നിറം, കാരം എല്ലാം ചേർന്ന ഇന്ത്യൻ ഏലം എന്തിന് സായിപ്പ് വാങ്ങണം? കർഷകനും പറയാനുണ്ട്
ഏലത്തിന്റെ വില കുത്തനെ ഇടിഞ്ഞ സ്ഥിതിയിലാണ്. ഉൽപാദനച്ചെലവ് പോലും ലഭിക്കാതെ കർഷകർ പ്രതിസന്ധിയിലായ അവസ്ഥ. കഴിഞ്ഞ ദിവസം ലേലകേന്ദ്രത്തിൽ രേഖപ്പെടുത്തിയ ശരാശരി വില 358 രൂപ. എന്താണ് വിലയിടിവിന്റെ കാരണമെന്ന് ഇതുവരെ വ്യക്തമാകാത്ത അവസ്ഥ. വിദേശ വിപണിയിൽ കേരളത്തിൽനിന്നുള്ള ഏലത്തിന് വിഷാംശത്തിന്റെ പേരിൽ പ്രഭ മങ്ങുകയും ചെയ്തു. ഇവിടെ ആരാണ് കുറ്റക്കാർ? കർഷകനായ ക്രിസ് കുര്യാക്കോസ് പറയുന്നു…
ഏലം വിലയിടിവുമായി ബന്ധപ്പെട്ട് കർഷകരും ചെറുകിട വ്യാപാരികളും കയറ്റുമതിക്കാരും ലേലക്കമ്പനികളും എല്ലാം പരസ്പരം പഴിചാരുമ്പോഴും എന്തുകൊണ്ട് വില കുറയുന്നു എന്ന കാര്യത്തിൽ ആർക്കും വ്യക്തമായ ധാരണ ഇല്ല.
ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക വിളകളിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കുരുമുളക് ഇന്ന് മരുന്നിനു മാത്രമായി ചുരുങ്ങി എന്നത് തർക്കമില്ലാത്ത കാര്യമാണ്. അടിമാലി, രാജാക്കാട്, രാജകുമാരി, കുഞ്ചിത്തണ്ണി, തോപ്രാംകുടി, തങ്കമണി, എഴുകുംവയൽ, തൂക്കുപാലം, ,കമ്പംമെട്ട്, കൂട്ടാർ, കൊച്ചറ, കരുണാപുരം, ചേലച്ചുവട്, കരിമ്പൻ, കട്ടപ്പന, കാഞ്ചിയാർ, മേരികുളം, ഉപ്പുതറ തുടങ്ങിയ പഴയ കാലത്തെ കുരുമുളകുമേഖലകൾ എല്ലാം തന്നെ ഏലത്തിന് വഴിമാറി.
കീടനാശിനികളുടെ അമിതമായ ഉപയോഗം ഏലക്കയിലെ വിഷാംശത്തോത് (Pesticide Residue) വർധിപ്പിച്ചു. ഏലം ഡ്രയറുകളുടെ എണ്ണം കൂടിയതോടെ കാരത്തിൽ മുക്കി ഉണങ്ങുന്ന സംസ്കാരം ആരംഭിച്ചു. കാരവെള്ളത്തിൽ 10 മിനിറ്റ് മുക്കിവച്ച ശേഷം ശുദ്ധജലത്തിൽ കഴുകിയാൽ പൊള്ളൽ ഇല്ലാതെ ഏലക്കയുടെ പുറംതോട് ഉണങ്ങിവരും. പക്ഷേ പലരും കഴുകിയ ഏലക്കയിൽ കാരം പൊടി കലർത്തി ഡ്രയറിൽ ഇടാൻ ആരംഭിച്ചു. കാരം ഉപ്പുരസം മൂലം 4 മുതൽ 6 മാസങ്ങൾ കഴിഞ്ഞാൽ കായുടെ പുറംതോട് തണുത്ത് കളർ മങ്ങി മോശമായി മാറും.
നിറമുള്ള കായ്ക്ക് വ്യാപാരികൾ വില കൂട്ടി നൽകാൻ ആരംഭിച്ചതോടെ ആപ്പിൾഗ്രീൻ ഫുഡ്‌കളർ വ്യാപകമായി ചേർക്കാൻ ആരംഭിച്ചു. ചൊറി ഇല്ലാതാക്കാൻ കെമിക്കലുകൾ നിർബാധം റെക്കമൻഡ് ചെയ്യപ്പെട്ടു. ഊരും പേരും ഇല്ലാത്ത അമിത അളവിൽ കെമിക്കലുകൾ ചേർത്ത ജൈവലേബൽ മരുന്നുമായി കച്ചവടക്കാർ തോട്ടങ്ങൾ തോറും കയറി നടന്നു.
അടിച്ച മരുന്ന് ഉണങ്ങുന്നതിന് മുൻപേ പറിച്ചെടുത്ത് ഉണങ്ങി ലേല കേന്ദ്രങ്ങളിലും കടകളിലും എത്തിക്കപ്പെട്ടു. നിറം കായുടെ ക്വാളിറ്റി നിർണ്ണയിക്കുന്ന ഘടകമായി പരക്കെ അംഗീകരിക്കപ്പെട്ടു. ചിലർ ഒരുപടി കൂടി കടന്ന് ചവിട്ടുമെത്തയും കയറും ഒക്കെ നിറം പിടിപ്പിക്കുന്ന പച്ച നിറം ഉപയോഗിച്ചു തുടങ്ങി. കൂടുതൽ നിറം നൽകുന്ന സ്റ്റോറുകളിൽ കൂടുതൽ കായ് എത്തി. നല്ല പച്ച നിറമുള്ള ഏലക്കയ്ക്കു വേണ്ടി വ്യാപാരികൾ ലേലത്തിൽ മത്സരിച്ച് വില വിളിച്ചു.
പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് കർഷകർ വിൽപ്പനയ്ക്ക് എത്തിക്കുന്ന ഏലക്ക വ്യാപാരികളുടെ തറയിൽ നിരത്തി ഇട്ട് തണുപ്പടിച്ച് 100ന് 2 കിലോ തൂക്കം വർധിപ്പിച്ച് വിൽക്കുന്ന രീതി വ്യാപകമായി. ഓക്ഷൻ കമ്പനികളിൽ ഒറ്റച്ചാക്കിൽ തയ്ച് വയ്ക്കുന്ന കായ ലോറിയും കപ്പലും കയറി 6 മാസം കഴിഞ്ഞ് ചോദിച്ച വില കൊടുത്ത് വാങ്ങുന്ന വിദേശിയുടെ മുന്നിൽ എത്തുമ്പോൾ ഉപയോഗിക്കാൻപോലും കഴിയാത്ത വിധത്തിൽ മോശമായിട്ടുണ്ടാകും. അമിതമായ വിഷം, നിറം, കാരത്തിന്റെ ഉപ്പ് കലർന്ന പതുപതുപ്പ് എല്ലാം ചേർന്ന ഇന്ത്യൻ ഏലം എന്തിന് സായിപ്പ് വാങ്ങണം?
ഇത്തരം സാഹചര്യത്തിലാണ് ഗുഡ് അഗ്രികൾച്ചറൽ പ്രാക്ടീസ് (GAP) അഥവാ സൽക്കൃഷി എന്ന ചിന്താഗതിക്ക് പ്രസക്തി ഏറുന്നത്. ഏലം പൂർണമായും ജൈവ രീതിയിൽ കൃഷി ചെയ്ത് ഇന്നത്തെ കൂലിച്ചിലവിൽ മുന്നോട്ട് പോകില്ല. പക്ഷേ, നിയന്ത്രിതമായ അളവിൽ ചെറിയ രീതിയിൽ ഗ്രീൻ ട്രയാങ്കിൾ കെമിക്കൽസ് ഉപയോഗിക്കുകയും മരുന്നടിയും വിളവെടുപ്പും തമ്മിലുള്ള ഇടവേള കൃത്യമായി പാലിക്കുകയും നമ്മുടെ പൂർവികർ തുടർന്നു വന്ന ചെലവ് കുറഞ്ഞ ജൈവ വളങ്ങൾ കമ്പോസ്റ്റ് ഒക്കെ നൽകുകയും വഴി നല്ല ഒരു കാർഷിക സംസ്കാരത്തിലേക്ക് ചുവടുവയ്ക്കാൻ നമുക്ക് സാധിക്കും.