നാട്ടുവാര്‍ത്തകള്‍
പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; വസ്ത്രവ്യാപാര സ്ഥാപനത്തിന് 25,000 രൂപ പിഴ
നെടുങ്കണ്ടം : വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചു. പരാതി ലഭിച്ചതോടെ നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് പരിശോധന നടത്തി. 25,000 രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകി. നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനമാണ് മാലിന്യം കത്തിച്ചത്. വ്യാപാര സ്ഥാപനത്തിലെ മാലിന്യം സ്ഥിരമായി ഇവിടെയിട്ട് കത്തിക്കാൻ തുടങ്ങിയതോടെ പ്രദേശത്തുള്ള കുടുംബങ്ങൾക്ക് ശ്വാസം മുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ഇതോടെ പ്രദേശവാസികൾ പഞ്ചായത്തംഗം സുരേഷ് പള്ളിയാടിയെ പരാതി അറിയിച്ചു. പഞ്ചായത്തംഗം പരാതി സെക്രട്ടറിക്ക് കൈമാറിയതോടെയാണ് നടപടിയുണ്ടായത്.