പിതാവ് ഓടിച്ച കാറിടിച്ച് പത്തുവയസ്സുകാരൻ മരിച്ചു
തൊടുപുഴ ∙ പിതാവ് ഓടിച്ച കാറിടിച്ച് പത്തുവയസ്സുകാരനു ദാരുണാന്ത്യം. ഉടുമ്പന്നൂർ കുളപ്പാറ കാരക്കുന്നേൽ കെ.ആർ.മുഹമ്മദ് സാജിദ് ആണ് മരിച്ചത്. പിതാവ് റിജിൽ ഓടിച്ച കാർ പാർക്ക് ചെയ്യാൻ അരികു പറഞ്ഞുകൊടുക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട് കാർ മുഹമ്മദ് സാജിദിനെ ഇടിച്ച് തൊട്ടടുത്തുള്ള പേരമരത്തിനിടയിൽ ഞെരുക്കി.
ഇന്നലെ രാവിലെ 11.15ന് ഇവരുടെ വീടിനു സമീപമായിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ റിജിൽ ഈയിടെയാണ് കാർ വാങ്ങിയത്. കാർ ഒതുക്കിയിടുന്നതിനു സാജിദ് അരിക് പറഞ്ഞു കൊടുക്കുന്നതിനിടെ കാർ പെട്ടെന്ന് മുന്നോട്ടു കുതിച്ച് പേരമരത്തോടു ചേർന്ന് ഇടിക്കുകയായിരുന്നെന്ന് കരിമണ്ണൂർ പൊലീസ് പറഞ്ഞു.
റിജിലിന്റെ ഡ്രൈവിങ് പരിചയക്കുറവാണ് അപകടകാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഉടൻ കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മുഹമ്മദ് സാജിദിനെ രക്ഷിക്കാനായില്ല. മാതാവ്: ഹസീന. മുഹമ്മദ് സാജിദ് കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. കബറടക്കം നടത്തി.
English Summary: Boy died in accident