കട്ടപ്പനയിൽ ബി ജെ പി- സി പി ഐ എം സംഘർഷം, ഏറ്റുമുട്ടിയത് വള്ളക്കടവിൽ ഇന്ന് വൈകിട്ട് ഏഴോടെ
കട്ടപ്പന :വള്ളക്കടവിലുണ്ടായ ബി ജെ പി- സി പി ഐ എം സംഘർഷത്തിൽ പ്രവർത്തകർക്ക് പരിക്ക്.ബി ജെ പി വള്ളക്കടവ് ബൂത്ത് പ്രസിഡന്റ് ബിനു ശിവൻ ( 35 ),മറ്റൊരു പ്രവർത്തകനായ കെ.കെ മണി ( 51 ), സി പി ഐ എം വള്ളക്കടവ് ബ്രാഞ്ച് അംഗം വിനോദ് (48),മകൻ വിഷ്ണു വിനോദ് (25) എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.വ്യാഴാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ ബിനു ശിവന്റെ വീടിന് മുൻപിൽ വച്ചാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്.
തുടർന്ന് പരിക്കേറ്റവർ ഇരുപക്കേർ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴും ഇരു വിഭാഗവും തമ്മിൽ സംഘർഷമുണ്ടായി.ഇവിടെ വച്ചാണ് ബിനു ശിവന്റെ ഭാര്യ അമ്പിളിക്ക് (26) പരിക്കേറ്റത്. കരുതിക്കൂട്ടി സി പി ഐ എം-സി ഐ റ്റി യു പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ ബിനു പറഞ്ഞു.ബുധനാഴ്ച്ചയാണ് തൂങ്കുഴി സ്വദേശിയായ മണിയെന്നയാൾ സി പി ഐ എമ്മിൽ നിന്നും രാജി വച്ച് ബിജെപി അംഗത്വം സ്വീകരിച്ചത്.ഇതിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബി ജെ പി യുടെ ആരോപണം.
അതേ സമയം വിനോദിന്റെ തൂങ്കുഴിയിലെ കടയിൽ കയറി ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.പരിക്കേറ്റ വിനോദിനെയും മകനെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമയത്ത് ബിജെപിക്കാർ സംഘടിതമായി എത്തുന്നതുകണ്ട് ആക്രമിക്കാനാണെന്ന് കരുതി സിഐടിയു പ്രവർത്തകർ തടയുകയായിരുന്നെന്നും മറ്റു പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കി.