അടിമാലി പഞ്ചായത്തിലെ ഗോത്രവർഗ കുടികളിലേക്കുള്ള റോഡുനിർമാണത്തിന് അനുമതി നൽകാതെ വനംവകുപ്പ്
അടിമാലി: ഗോത്രവർഗ കുടികൾക്കായുള്ള നാലുകോടി രൂപയുടെ റോഡുനിർമാണത്തിന് വനംവകുപ്പിന്റെ അനുമതി ലഭിക്കുന്നില്ല. അനുമതിക്കായി മാസങ്ങൾക്കുമുമ്പ് അടിമാലി പഞ്ചായത്ത് അപേക്ഷ നൽകിയെങ്കിലും വനംവകുപ്പ് ഒരു മറുപടിയും നൽകിയിട്ടില്ല. പഞ്ചായത്തിലെ 27 ഗോത്രവർഗക്കുടികളിലേക്കുള്ള റോഡുനിർമാണമാണ് വനംവകുപ്പിന്റെ നിരാക്ഷേപ പത്രത്തിനായി (എൻ.ഒ.സി.) കാത്തുകിടക്കുന്നത്. ഗോത്രവിഭാഗക്കാരുടെ യാത്രാദുരിതം പരിഹരിക്കുന്നതിനും കുടികളിൽ വികസന പ്രവർത്തനങ്ങൾ എത്തിക്കുന്നതിനും ഉതകുന്ന പദ്ധതികളാണ് ഇവയെല്ലാം.
*** ഇത് പതിവ്*** ജില്ലയിൽ ഏറ്റവും കൂടുതൽ ഗോത്രവർഗ സെറ്റിൽമെന്റുള്ള പഞ്ചായത്താണ് അടിമാലി. മിക്ക കുടികളും വനത്തിനോടുചേർന്നുതന്നെയാണ്. ഇവിടേക്കുള്ള പാതകൾ വനമേഖലയിലൂടെയോ അതിർത്തികളിലൂടെയോ കടന്നുപോകുന്നുണ്ട്. അതിനാൽ ഇവിടെ റോഡ് നിർമിക്കാൻ വനംവകുപ്പിന്റെ അനുമതി വേണം. ഇതിനായി പഞ്ചായത്ത് അപേക്ഷ നല്കിയിട്ടുണ്ട്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും വനംവകുപ്പ് സമ്മതപത്രം നൽകിയിട്ടില്ല. അനുമതി നിരസിച്ചിട്ടുമില്ല. അതിനാൽ മിക്ക റോഡുകളുടെയും ടെൻഡർ നടപടികൾപോലും ആരംഭിച്ചിട്ടില്ല.
അനുമതി വാങ്ങാതെ റോഡുനിർമാണം തുടങ്ങിയാൽ അത് നിയമലംഘനമാകും. യന്ത്രസാമഗ്രികൾ ഉൾപ്പെടെ വനംവകുപ്പ് പിടിച്ചെടുക്കും. മാർച്ച് 31-ന് ഈ സാമ്പത്തിക വർഷം അവസാനിക്കും. അതിനുള്ളിൽ അനുമതി ലഭിച്ച് നിർമാണം തുടങ്ങിയില്ലെങ്കിൽ നാലുകോടിയും നഷ്ടപ്പെടും. മുൻവർഷങ്ങളിലും ഇതേ പ്രശ്നം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം പഞ്ചായത്തിൽ വനം വകുപ്പിന്റെ അനുമതി ലഭിക്കാതെ മൂന്നുകോടി രൂപയുടെ പദ്ധതികളാണ് നഷ്ടമായത്.
മുമ്പ് മലയോര ഹൈവേയുടെ നിർമാണത്തിനും വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ നേതാക്കളും ജനങ്ങളും വനംവകുപ്പിനെതിരേ പ്രതിഷേധമുയർത്തി. അന്നുമുതലാണ് മറ്റ് നിർമാണങ്ങൾക്കും വനംവകുപ്പ് അനുമതി നൽകാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
***പ്രധാന പദ്ധതികൾ***
ഗോത്രവർഗ മേഖലയുടെ യാത്രാദുരിതത്തിന് പരിഹാരമായേക്കാവുന്ന പദ്ധതികളാണ് വനംവകുപ്പിന്റെ കടുംപിടിത്തം കാരണം എങ്ങുമെത്താതെ കിടക്കുന്നത്. ഒന്നാംവാർഡിൽ ത്രിതല പഞ്ചായത്തുഫണ്ടായ 24 ലക്ഷംരൂപയുടെ അഞ്ച് നിർമാണങ്ങൾക്ക് ഈ വർഷം എൻ.ഒ.സി. ലഭിച്ചിട്ടില്ല. വിദൂരമേഖലയായ കുറത്തിക്കുടി ഉൾപ്പെടെയുള്ള സെറ്റിൽമെൻറുകൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികളാണ് ഇവയെല്ലാം.
വാർഡ് 20-ൽ ഏഴുലക്ഷം രൂപയുടെ റോഡു നിർമാണത്തിന് അനുമതി ലഭിച്ചിട്ടില്ല. വാർഡ് ഒൻപതിൽപ്പെട്ട കൊടകല്ല്-കൊച്ചുകൊടകല്ല് റോഡ് നിർമാണത്തിന് ഒന്നരക്കോടി അനുവദിച്ചിരുന്നു. കലുങ്കും പാലവും ഉൾപ്പെടുന്ന നിർമാണമാണിത്. അതിനും അനുമതിയില്ല.