ദിവസം 500 രൂപ വേതനമെന്നു പറഞ്ഞിട്ടും നോക്കാനാളില്ല, ഒടുവിൽ വിഴ്ച്ചയിൽ പരിക്കേറ്റ് കിടപ്പിലായ ഭാരതിയമ്മയെ തങ്കമണി സഹകരണ ആശുപത്രി ഏറ്റെടുത്തു
നെടുങ്കണ്ടം : ഭാരതിയമ്മയെ തങ്കമണി സഹകരണ ആശുപത്രി ഏറ്റെടുത്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം സഹകരണ ആശുപത്രിയുടെ തണൽ പാലിയേറ്റീവ് കെയർ സെന്ററിൽ അഭയമൊരുക്കും. മനോരമ വാർത്തയെ തുടർന്ന് സിപിഎം ജില്ല സെക്രട്ടറി സി.വി.വർഗീസ് ഇടപെട്ടാണ് ഭാരതിയമ്മയ്ക്ക് തങ്കമണി സഹകരണ ആശുപത്രിയിൽ ചികിത്സയും പരിപാലനവും ഒരുക്കിയത്. തോവാളപ്പടി കിഴക്കേമുറിയിൽ ഭാരതിയമ്മയെ (68) ആശുപത്രിയിലെത്തിച്ച് പരിപാലിക്കാനാളില്ലെന്ന് മനോരമ വാർത്ത പ്രസിദ്ധികരിച്ചിരുന്നു. വാർത്തയെ തുടർന്ന് ആശുപ്രതിയിലേക്കു മാറ്റാൻ തഹസിൽദാർ, വില്ലേജ് ഓഫിസർ, സാമൂഹിക ക്ഷേമ വകുപ്പ് എന്നിവരുടെ തീരുമാനമുണ്ടായി.
രോഗിയുടെ കൂടെ നിൽക്കാൻ ആളെ ആവശ്യമുണ്ടെന്നും ദിവസം 500 രൂപ വേതനവും നൽകാമെന്നും അഭ്യർഥന നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി ഇടപെട്ടത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എൻ.വിജയൻ, ഏരിയ സെക്രട്ടറി വി.സി.അനിൽ, സി.രാജശേഖരൻ, കെ.പി.തങ്കപ്പൻ, വി.എ.ഷാഹുൽ. ജനപ്രതിനിധികളായ വിജിമോൾ വിജയൻ, വിജയകുമാരി എസ്. ബാബു, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സജി തടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ഭാരതിയമ്മയെ തങ്കമണി സഹകരണ ആശുപത്രിയിലേക്കു മാറ്റി ചികിത്സ ആരംഭിച്ചു. വീഴ്ചയിൽ നടുവിന് പൊട്ടലുണ്ടായി എല്ലുകൾ അകന്നുപോയതോടെ കിടപ്പിലായതാണ് ഭാരതിയമ്മ. ശരീരം മുഴുവനും വ്രണമായി അനങ്ങാൻ പോലും പറ്റാത്ത നിലയെത്തി.
സ്ഥിതി ഗുരുതരമായതോടെ പഞ്ചായത്ത് മെംബപർ വിജിമോൾ വിജയൻ, പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ.വി.കെ.പ്രശാന്ത്, ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ, വില്ലേജ് ഓഫിസർ ടി.എ.പ്രദീപ് എന്നിവർ എത്തി നടപടികൾ സ്വീകരിച്ചെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞിരുന്നില്ല. ഭാരതിയമ്മയ്ക്ക് 3 മക്കളുണ്ട്. ഒരു മകനും 2 പെൺമക്കളും. പെൺമക്കളിൽ ഒരാൾ കാൻസർ രോഗിയാണ്. മറ്റൊരാളുടെ മക്കൾക്ക് അസുഖമായതിൽ അമ്മയെ നോക്കാൻ പറ്റാത്ത സാഹചര്യമാണ്. ഇതോടെ നെടുങ്കണ്ടം പൊലീസ് വിഷയത്തിൽ ഇടപെട്ടിരുന്നു. മകനെ സ്റ്റേഷനിൽ വിളിച്ച് അമ്മയെ നോക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.