അടിമാലി താലൂക്കാശുപത്രിയില്‍ മലിനജല സംസ്ക്കരണ പ്ലാന്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു
അടിമാലി താലൂക്കാശുപത്രിയില്‍ മലിനജല സംസ്ക്കരണ പ്ലാന്റിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നു.സംസ്ഥാന ശുചിത്വമിഷനില്‍ നിന്നനുവദിച്ചിട്ടുള്ള 40 ലക്ഷം രൂപ ചിലവഴിച്ചാണ് പ്ലാന്റിന്റെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നത്. താലൂക്കാശുപത്രി കോമ്പൗണ്ടിനുള്ളില്‍ മോര്‍ച്ചറിക്ക് സമീപത്തായാണ് മലിനജല സംസ്ക്കരണ പ്ലാന്റ് നിര്‍മ്മിക്കുന്നത്. സെപ്ടേജ് വെയിസ്റ്റ് വാട്ടര്‍ ഒഴികെയുള്ള ആശുപത്രിയിലെ മലിന ജലം പൂര്‍ണ്ണമായി പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന നിലവാരത്തിലേക്ക് ശുദ്ധീകരിച്ച് മാറ്റാന്‍ പുതിയതായി നിര്‍മ്മിക്കുന്ന പ്ലാന്റിലൂടെ സാധിക്കും.
ഈ ജലം സോക്ക് പിറ്റില്‍ സംഭരിക്കുകയും ചെടികള്‍ നനയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാം. പ്ലാന്റിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതോടെ ആശുപത്രിയിലെ മലിനജലവുമായി ബന്ധപ്പെട്ട് നാളുകളായി നിലനിന്നിരുന്ന പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് പറഞ്ഞു. ശുചിത്വമിഷന് അംഗീകരിച്ച ഏജന്‍സി വഴിയാണ് പ്ലാന്റിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിട്ടുള്ളത്.
ചെന്നൈ ആസ്ഥാനമായ ഏജന്‍സിക്കാണ് പ്ലാന്റിന്റെ നിര്‍മ്മാണ ചുമതല. പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൂര്ണ്ണപ്രവര്ത്തനക്ഷമതയോടെ കൈമാറുവാന്‍ 6 മാസക്കാലയളവാണ് ഏജന്‍സിക്ക് നല്‍കിയിരിക്കുന്നത്. ചിത്രം: അടിമാലി താലൂക്കാശുപത്രി