എന്താണു പോസ്റ്റ് അക്യൂട്ട് സീക്വല ഓഫ് കോവിഡ് 19?; കോവിഡ് വന്നുപോയ എല്ലാവരെയും ഇതു ബാധിക്കുമോ?
വലിയ പ്രശ്നങ്ങളില്ലാതെ കോവിഡ് കാലം കടന്നുപോയിട്ടും പലരിലും പിന്നീട് ചില ആരോഗ്യപ്രശ്നങ്ങൾ തലപൊക്കിയേക്കാം. പോസ്റ്റ് അക്യൂട്ട് സീക്വല ഓഫ് കോവിഡ് 19 (പിഎഎസ്‌സി) അഥവാ ലോങ് കോവിഡ് എന്നാണ് ഇത്തരം പ്രശ്നങ്ങളുടെ മെഡിക്കൽ രംഗത്തെ വിശേഷണം. ഭൂരിഭാഗം പേർക്കും കുറച്ചുനാളുകൾ കഴിയുമ്പോൾ ഇതു മാറും. എന്നാൽ, ചിലർക്കു ദീർഘനാളത്തെ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടക്കുന്നതേയുള്ളൂ എന്നതിനാൽ കൃത്യമായ നിഗമനങ്ങൾ അസാധ്യമാണ്. എങ്കിലും ഇത്രയും നാളത്തെ വിവരങ്ങൾ അപഗ്രഥിക്കുന്നതിൽ നിന്ന് ലോങ് കോവിഡിനെ ഭയക്കേണ്ടതില്ലെങ്കിലും പ്രശ്നങ്ങൾ അവഗണിച്ചുകൂടാ എന്നു വിദഗ്ധർ പറയുന്നു. ഒമിക്രോൺ വകഭേദം ബാധിക്കുന്നതിന്റെ ഭാഗമായും ലോങ് കോവിഡ് പ്രശ്നങ്ങൾ വന്നേക്കാമെന്നു ലോകാരോഗ്യസംഘടനയും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
∙ എന്താണു ലോങ് കോവിഡ് ?
കോവിഡ് വന്നു മാറിയ ശേഷം ഒന്നോ രണ്ടോ മാസങ്ങൾക്കു ശേഷം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ലോങ് കോവിഡ്. ഒരു മാസം എന്നു ലോകാരോഗ്യ സംഘടന പറയുന്നു. മറ്റു ചില വിദഗ്ധർ 2 മാസങ്ങൾക്കു ശേഷമെന്നും പറയുന്നുണ്ട്. എന്തായാലും കോവിഡ് മാറിയ ഉടൻ തന്നെ കാണപ്പെടുന്ന ക്ഷീണത്തെയല്ല ലോങ് കോവിഡ് എന്നു വിശേഷിപ്പിക്കുന്നത്. കുറച്ചുകൂടി സാരമായി ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണത്. ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട വിശദമായ പഠനങ്ങൾ നടക്കുന്നതേ ഉള്ളൂ.
∙ കോവിഡ് വന്നുപോയ എല്ലാവരെയും ഇതു ബാധിക്കുമോ ?
ഒരിക്കലുമില്ല. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് കോവിഡ് വന്നുപോയ 10 ശതമാനം ആളുകളിൽ മാത്രമേ ലോങ് കോവിഡ് പ്രശ്നങ്ങൾ കാണപ്പെടാറുള്ളൂ എന്നാണ്. ഞാൻ ചികിത്സിച്ചിട്ടുള്ള മൂവായിരത്തിലധികം കോവിഡ് രോഗികളുടെ ആരോഗ്യസ്ഥിതി തുടർച്ചയായി ചോദിച്ചറിഞ്ഞിരുന്നു. കോവിഡ് നെഗറ്റീവായതിന് ഒന്നോ രണ്ടോ മാസങ്ങൾക്കു ശേഷമുള്ള ആരോഗ്യസ്ഥിതിയും നിരീക്ഷിച്ചു. എന്റെ നിഗമനത്തിലും 10 ശതമാനം പേർക്കു മാത്രമേ ലോങ് കോവിഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നുള്ളൂ. കുട്ടികളിൽ ഇത് അധികം കണ്ടിട്ടില്ല.
∙ ലോങ് കോവിഡ് ലക്ഷണങ്ങൾ
പലതരം ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. വിശപ്പില്ലായ്മയും ക്ഷീണവുമൊക്കെ മിക്കവാറും ആളുകളിൽ അനുഭവപ്പെടാറുണ്ട്. കിതപ്പ് അനുഭവപ്പെടുക, ഓർമ്മക്കുറവ് /ഒരു തരം മന്ദത (Brain Fog), ശരീരം ഇളകി ജോലി ചെയ്യുമ്പോഴുള്ള കിതപ്പ്, രുചിയും മണവും അറിയാതിരിക്കുകയോ അതിൽ വ്യത്യാസം അനുഭവപ്പെടുകയോ ചെയ്യുക, കുത്തിക്കുത്തിയുള്ള ചുമ, ശ്വാസം എടുക്കുമ്പോൾ വലിഞ്ഞ് മുറുകുന്നത് പോലുള്ള നെഞ്ച് വേദന, ഉറക്ക കുറവ്, അകാരണമായ ഭീതി, നെഞ്ചിടിപ്പ്, സന്ധികളിലും പേശികളിലും ഉള്ള വേദന, വിശപ്പില്ലായ്മ/ ദഹനക്കുറവ്, തലവേദന, മുടികൊഴിച്ചിൽ, ആർത്തവ പ്രശ്നങ്ങൾ എന്നിവയാണ് സാധാരണയായി ലോങ് കോവിഡിന്റെ ലക്ഷണങ്ങളായി കണ്ടുവരുന്നത്.
മറ്റു ഗുരുതരമായ രോഗങ്ങളുള്ളവർ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹവും നിയന്ത്രണവിധേയമല്ലാതായി മാറിയേക്കാം. സന്ധിവേദന ഉണ്ടായാൽ അതു നീണ്ടുനിൽക്കാനുള്ള സാധ്യതയുണ്ട്.
∙ ഇതു തിരിച്ചറിഞ്ഞാൽ എന്തു ചെയ്യണം ?
ലോങ് കോവിഡ് ബാധിക്കുന്നവർക്കെല്ലാം മരുന്നു കഴിച്ചുള്ള ചികിത്സ വേണ്ടിവരില്ല. എന്നാൽ, ഇത്തരം പ്രശ്നങ്ങളുണ്ടെന്നു ബോധ്യമായാൽ വിശദമായ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഇവ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളുമായേക്കാം. കോവിഡ് ചികിത്സയിൽ വിദഗ്ധരായയവർക്കു ലോങ് കോവിഡ് പ്രശ്നങ്ങൾ തിരിച്ചറിയാൻ സാധിക്കും.
ചില കേസുകളിൽ മരുന്നും മറ്റു ചികിത്സകളും വേണ്ടിവരും. ചിലപ്പോൾ കൗൺസലിങ് വേണ്ടിവരും. ഉത്കണ്ഠയും പേടിയും കാരണവും ചിലരിൽ പ്രശ്നങ്ങളുണ്ടായേക്കാം. ഫിസിക്കൽ മെഡിസിൻ, റീഹാബിലിറ്റേഷൻ തുടങ്ങിയ കാര്യങ്ങളും വേണ്ടിവന്നേക്കാം. ഒന്നിലധികം ചികിത്സാ വകുപ്പുകൾ ചേർന്ന് നിഗമനങ്ങളിലെത്തേണ്ടിയതായും വരും.
ലോങ് കോവിഡ് ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിഞ്ഞാൽ വെറുതെയിരുന്നു വിശ്രമിക്കണമെന്ന തെറ്റിദ്ധാരണയും ചിലർക്കെങ്കിലും ഉണ്ട്. എന്നാൽ, അങ്ങനെ ചെയ്താൽ അസുഖങ്ങൾ കൂടാനാണു സാധ്യത. എപ്പോഴും സജീവമായിരിക്കണം. കോവിഡ് മാറിയ ശേഷം മെല്ലെ വ്യായാമമൊക്കെ ആരംഭിക്കാം. ശ്വസന വ്യായാമങ്ങളും ചെയ്തു തുടങ്ങാം.
∙കോവിഡ് ഭീതി എന്ന് അവസാനിക്കും ?
കോവിഡ് എത്രകാലമുണ്ടാകുമെന്നു ആർക്കും പറയാൻ പറ്റാത്ത സാഹചര്യമാണ്. പുതിയ വകഭേദങ്ങൾ ചിലപ്പോൾ വന്നേക്കാം. എന്നാൽ, വാക്സീന്റെ ഗുണവും ആളുകൾ ആർജ്ജിച്ച പ്രതിരോധശേഷിയും കാരണം ചിലപ്പോൾ ഗുരുതരമായേക്കില്ല. ഒമിക്രോൺ വ്യാപനത്തിന്റെയും അതിന്റെ തീവ്രതയുടെയും അടിസ്ഥാനത്തിൽ ഇനിയുള്ള കാലം കോവിഡ് ഒരു സാധാരണ ജലദോഷപ്പനിയായി മാറിയേക്കാം എന്നാണ് എന്റെ വിലയിരുത്തൽ.
English Summary : What is long covid? Is it affect all post covid people?
Credit : manoramaonline.com