വിവാഹ രാത്രിയിൽ വരനെ തട്ടിക്കൊണ്ടുപോകുന്ന കൂട്ടുകാർ, വധൂഗൃഹത്തിലേക്ക് ശവഘോഷയാത്ര;വിവാഹ റാഗിങ്
കല്യാണദിവസം വൈകിട്ട് വരനെ വണ്ടിയിൽ പിടിച്ചുകയറ്റി മൂന്നാറിനു ടൂർ പോകുക, വിവാഹവേദിയിൽനിന്ന് നവദമ്പതികളെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിൽ ഇരുത്തി ആകാശത്തേക്ക് ഉയർത്തി വീട്ടിലെത്തിക്കുക, വധുവിനെ ഹാൻഡിൽ ബാറിൽ ഇരുത്തി ബ്രേക്ക് ഇല്ലാത്ത സൈക്കിളിൽ ഇറക്കത്തിലൂടെ ചവിട്ടിക്കുക തുടങ്ങിയ വിവാഹ ‘ആഘോഷങ്ങൾ’ കോട്ടയത്തും ഇടുക്കിയിലും കുറവില്ല. കൂട്ടുകാരുടെയും കസിൻ പിള്ളേരുടെയും ഈ ‘എന്റർടെയ്ൻമെന്റ്’ പരിപാടിക്കിടെ ന്യൂജനറേഷനും ഓൾഡ് ജനറേഷനും തമ്മിൽ പലപ്പോഴും വഴക്കും വക്കാണവും ഉണ്ടാകാറുമുണ്ട്. മറ്റു ജില്ലകളിൽ ഉണ്ടായതുപോലെ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നു മാത്രം. എങ്കിലും ഓർക്കണം, അധികമായാൽ അമൃതും വിഷം....
തൊടുപുഴ, കോട്ടയം∙ വീടിനു മുന്നിൽ കല്യാണച്ചെക്കന്റെ ‘ഗുണഗണങ്ങൾ’ പറഞ്ഞ് കൂട്ടുകാർ തരക്കേടില്ലാത്ത വലുപ്പത്തിൽ ഒരു ഫ്ലെക്സ് വച്ചു. വരന്റെ വീട്ടിലെ മുതിർന്ന ബന്ധുക്കൾക്ക് ഫ്ലെക്സിലെ വിശേഷണങ്ങളും വിവരണങ്ങളും ഇഷ്ടപ്പെട്ടില്ല. അഴിച്ചുമാറ്റാൻ അവർ പറഞ്ഞെങ്കിലും മാറ്റിയില്ല. അതോടെ അടിയായി. വിവാഹ ദിവസം തന്നെ അടി. ക്ഷണിച്ചിട്ട് വിവാഹത്തിന് എത്തിയവരെ ഒടുവിൽ പൊലീസ് എത്തി പിരിച്ചുവിട്ടു. പിന്നെയും തമ്മിൽ കാണേണ്ടവരായതുകൊണ്ടു കേസിനൊന്നും പോയില്ല.
കോവിഡ് ആഞ്ഞുപിടിക്കുന്നതിനു മുൻപ് കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്ത് ഒരു കല്യാണ ദിവസമുണ്ടായ സംഭവമാണിത്. വിവാഹ ദിനത്തിൽ ചെറുക്കന്റെയോ പെണ്ണിന്റെയോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശ കാര്യമാകുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. വിവാഹ ദിവസത്തെ റാഗിങ് ഇവിടെയും നടക്കാറുണ്ട്. തല്ലുണ്ടാകാറുണ്ടെങ്കിലും പൊലീസ് കേസുകളിലേക്കു നീളാറില്ല.
കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലെ ഒരു വീട്ടിൽ വിവാഹ ദിവസം രാത്രിയിൽ ലൈറ്റ് അണച്ച് എല്ലാവരും ഉറങ്ങാൻ കിടന്നതോടെ നേരത്തേ തൂക്കിയിട്ട മാലപ്പടക്കത്തിന് ആരോ തീകൊളുത്തി. അതും അടിയിലും ചീത്തവിളിയിലുമാണ് അവസാനിച്ചത്. ഇവിടെയും കേസ് ആകാതെ ഒടുവിൽ എല്ലാവരും ഒത്തുതീർപ്പിലെത്തി.
പാളത്തൊപ്പിയും ഈർക്കിൽ കണ്ണടയുമാണ് പ്രധാനമായ ‘കോട്ടയം’ ടൂളുകൾ. ഇതുപക്ഷേ, പ്രായഭേദമെന്യേ അത്ര എതിർപ്പ് ഉണ്ടാക്കാത്ത പരിപാടികളാണ്. കല്യാണ വീട്ടിൽ രാത്രി പടക്കം പൊട്ടിക്കുക, മണിയറയിലെ ഫാനിൽ നിറമുള്ള പൊടികൾ കെട്ടിവയ്ക്കുക, ഷേവിങ് ക്രീം സ്പ്രേ ചെയ്യുക, പാളയിൽ ഇരുത്തി വലിച്ചു കൊണ്ടു പോവുക തുടങ്ങിയവയാണ് റാഗിങ് വഴികൾ.
വിന്റേജ് കാറുകളിൽ കല്യാണത്തിന് എത്തുന്നതു ഫാഷൻ ആണെങ്കിൽ ഓട്ടോയിലും ലോറിയിലും എത്തുന്നത് വെറൈറ്റിയാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതും പ്രധാന വിനോദം തന്നെ. പല പ്രകടനങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ വേണ്ടിയുള്ളവയാണ്. ഇൻസ്റ്റാ റീലുകളായും ഷോർട്ട് വിഡിയോകളായും പെട്ടെന്നു തന്നെ ഇതെല്ലാം അപ്‌ലോഡ് ആയിക്കഴിയും.
കല്യാണ ദിവസം ചെറുക്കനെയും പെണ്ണിനെയും ചെറുതായൊന്ന് റാഗ് ചെയ്യുന്ന പരിപാടിക്ക് ആദ്യം തുടക്കമിട്ടത് മലബാറുകാരാണെന്നാണ് ‘ആരോപണം’. സൊറ കല്യാണം എന്ന ഓമനപ്പേരിൽ കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്ഥിരം പരിപാടിയാണ് ഈ വിവാഹ റാഗിങ്. വരനെ കൂട്ടുകാർ ശവപ്പെട്ടിയിൽ കൊണ്ടുപോകുന്നതും മറ്റും സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറൽ ആയിരുന്നു.
കല്യാണച്ചെക്കനെയും പെണ്ണിനെയും തൂക്കിയെടുത്ത് എറിഞ്ഞതിനെ തുടർന്ന് വിവാഹബന്ധം വേർപിരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തരം ‘സൊറ കല്യാണങ്ങളെ’ കുറിച്ച് ഇന്ദ്രജിത്ത് സുകുമാരൻ നായകനായി ഒരു സിനിമ വരെ ഇറങ്ങിയിട്ടുണ്ട്. കൂട്ടുകാരുടെ റാഗിങ് പേടിച്ച് കല്യാണം കഴിക്കാൻ മടിക്കുന്ന യുവാവിന്റെ കഥയാണ് സിനിമ. പേര് ‘മലബാർ വെഡിങ്’.
ഓവറാക്കല്ലേ, കേസ് വരും
വിവാഹ റാഗിങ് എന്ന പേരിൽ കാണിച്ചു കൂട്ടുന്ന പരിപാടികൾ ബന്ധുക്കൾ ക്ഷമിച്ചാലും പൊലീസ് ക്ഷമിച്ചെന്നു വരില്ല. വീടുകളിലും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങൾ ബന്ധുക്കൾ പറഞ്ഞ് തീർപ്പാക്കുന്നുണ്ടെങ്കിലും റോഡിലിറങ്ങി ആഘോഷം നടത്തിയാൽ കേസ് എടുക്കുമെന്ന് പൊലീസ് താക്കീത് നൽകുന്നു. അനുമതി ഇല്ലാതെ വാഹനങ്ങൾ ഉപയോഗിക്കുക, റോഡിൽ പടക്കം പൊട്ടിക്കുക, ഗതാഗത തടസ്സമുണ്ടാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ വീട്ടുകാർക്കും കൂട്ടുകാർക്കും പൊലീസ് വക ‘റാഗിങ്’ ഉറപ്പാണെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു.
കാളവണ്ടി, മണ്ണുമാന്തി…
വിവാഹ ആഘോഷങ്ങൾക്കിടയിൽ കൗതുകങ്ങൾ ഒരുക്കുന്നതിൽ ഹൈറേഞ്ചുകാരും പിന്നിലല്ല. ആനയുടെ അകമ്പടിയോടെ ചെറുക്കനെയും പെണ്ണിനെയും ആനയിക്കുക, കാളവണ്ടിയിൽ ഇരുത്തിക്കൊണ്ടുവരുക തുടങ്ങിയവ സാധാരണ പോലെ നടക്കുന്നുണ്ട്. 5 ടിപ്പറുകളുടെ അകമ്പടിയോടെ മണ്ണുമാന്തിയുടെ മുന്നിലെ കയ്യിൽ ഇരുത്തിയാണ് നെടുങ്കണ്ടത്തെ ഒരു റോഡ് കോൺട്രാക്ടറെയും വധുവിനെയും കൂട്ടുകാർ കല്യാണപ്പന്തലിൽനിന്ന് വീട്ടിലെത്തിച്ചത്.
ഈ ചിത്രങ്ങളും വിഡിയോയും ഫെയ്സ്ബുക്കിൽ വൈറലാവുകയും ചെയ്തു. കട്ടപ്പനയിലെ ഒരു കല്യാണ വീട്ടിൽ വരനെക്കുറിച്ച് ‘കൗതുകകരമായ’ വാക്കുകൾ ചേർത്ത് സുഹൃത്തുക്കൾ സ്ഥാപിച്ച ഫ്ലെക്സുകൾ വരൻ തന്നെ ഇടപെട്ട് അതിരാവിലെ അഴിച്ചുമാറ്റി. തുടർന്ന് ഇതേ വാചകങ്ങൾ ഉൾപ്പെടുത്തി നോട്ടിസ് അടിച്ച് വിവാഹ സദ്യയുടെ സമയത്ത് എല്ലാവർക്കും വിതരണം ചെയ്താണ് കൂട്ടുകാർ പകരംവീട്ടിയത്.