ലവനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പോലീസ്.
മറയൂർ : കാന്തല്ലൂർ നാക്കുപ്പെട്ടി ഗോത്രവർഗ കോളനിയിലെ വെട്ടുകേസിലെ പ്രതിയായ നാക്കുപ്പെട്ടി സ്വദേശി ലവനെ (38) പിടികൂടുന്നതിനായി മറയൂർ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. മലയാളത്തിലും തമിഴിലുമായി ഇറക്കിയ നോട്ടീസ് മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ പതിച്ചു. ഫെബ്രുവരി 13-നാണ് സമീപവാസിയായ മുത്തുസ്വാമി (57) യെ ലവൻ വെട്ടിപ്പരിക്കേൽപ്പിച്ചത്.
സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് സംഘത്തെ ദൂരെ കണ്ട ലവൻ സമീപമുള്ള തീർത്ഥമല വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു .മറയൂർ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അഞ്ചുനാട്ടിലെ വിവിധ ഗോത്രവർഗ കോളനികൾ കേന്ദ്രീകരിച്ച് ഊർജ്ജിതമായി പരിശോധന നടത്തിവരുന്നു.കുടിക്കാരിൽനിന്നു പ്രതിയെ പിടികൂടുന്നതിനുള്ള യാതൊരുവിധ സൂചനയും ലഭിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പലരും ഭയന്നിട്ടാണ് സൂചനകൾ നൽകാത്തത്. മൂന്നാർ ഡിവൈ.എസ്.പി. കെ.ആർ.മനോജ്, ഇൻസ്പെക്ടർ പി.റ്റി.ബിജോയി എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.നാക്കുപ്പെട്ടിക്ക് സമീപമുളള ശൂശിനിക്കുടിയിൽ അയ്യാസ്വാമിയെ കല്ലുകൊണ്ടിടിച്ചു കൊന്ന പുത്രനെ വർഷം മൂന്നായിട്ടും പിടിക്കുവാൻ കഴിയാതെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. അതിനാൽ ലവനെ പിടികൂടുന്നതിന് വ്യാപകമായ തിരച്ചിലാണ് ഇപ്പോൾ നടന്നുവരുന്നത്.