റഷ്യ–യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് സ്വർണവില കുതിക്കുന്നു;ഡയമണ്ടിന് വൻ വിലവർധന: നിർമാതാക്കൾ വിതരണം താൽക്കാലികമായി നിർത്തി
കൊച്ചി∙ റഷ്യ–യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് സ്വർണവില കുതിക്കുന്നു. സംഘർഷത്തിന് അയവു വരുത്താനുള്ള ശ്രമങ്ങൾ ജർമനി അടക്കമുള്ള രാജ്യങ്ങൾ നടത്തുന്നുണ്ടെങ്കിലും യുദ്ധമുണ്ടാകുമെന്ന ഭയം വിപണികളിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും ഉയർന്നു. ഇതോടെ സ്വർണവില പവന് വീണ്ടും 37,440 രൂപയിലെത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഗ്രാമിന് 4,680 രൂപയാണു വില. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ 70 ഡോളറിന്റെ വർധനയുണ്ടായി. 1,878 ഡോളറാണ് വില. 4 ശതമാനത്തോളമാണ് വർധന. സ്വർണത്തോടൊപ്പം വജ്രവിലയും കുതിക്കുകയാണ്. വജ്രം കാരറ്റിന് 25,000 രൂപയോളമാണ് ഉയർന്നത്. ദേശീയ ബുള്യൻ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 50,000 രൂപ കടന്നു.
യുക്രെയ്ൻ സംഘർഷങ്ങൾ സ്വർണവില വർധിക്കാൻ കാരണമാകുന്നതുപോലെ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശനിരക്കു സംബന്ധമായ പണനയങ്ങൾ സ്വർണവില കുറയ്ക്കാനുള്ള സാധ്യതകളിലേക്കും വെളിച്ചം വീശുന്നുണ്ട്. അടുത്ത മാസം ചേരുന്ന ഫെഡറൽ റിസർവ് പണനയ അവലോകന യോഗത്തിൽ പലിശനിരക്കുകകൾ ഉയർത്തിയാൽ നിക്ഷേപകർ സ്വർണം കൈവിട്ടേക്കുമെന്നാണു വിലയിരുത്തലുകൾ.
അതേസമയം, പലിശ നിരക്കുയർത്തൽ സംബന്ധിച്ച സൂചനകൾ ഇന്നലെ നടന്ന ഫെഡ് അടിയന്തര യോഗത്തിലുണ്ടായിട്ടും വീണ്ടും സ്വർണവില കൂടിയതു വിപണികളെ അത്ഭുതപ്പെടുത്തുന്നുമുണ്ട്. ഓഹരി വിപണികളിലുണ്ടാകുന്ന ഇടിവും റഷ്യ–യുക്രെയ്ൻ സംഘർഷം മൂലമുണ്ടാകുന്ന എണ്ണവില വർധനയുമെല്ലാം വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിക്കും. വിലയുടെ ഭാവി സംബന്ധിച്ച സാധ്യതകൾ പരിശോധിക്കാം.
വില കൂട്ടുന്ന ഘടകങ്ങൾ:
∙ റഷ്യ–യുക്രെയ്ൻ സംഘർഷങ്ങൾ തുടരുന്നതുമൂലം ആഗോള ഓഹരി വിപണികളിലെ വമ്പൻ ഇടിവുകൾ സ്വർണവില വരും ദിവസങ്ങളിൽ ഉയരുമെന്ന സൂചനയാണു നൽകുന്നത്. ആഗോള ഓഹരി വിപണികളിൽ വിൽപനക്കാരാകുന്ന വൻകിട നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്.
∙ രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 1850 ഡോളർ നിലവാരത്തിൽ തുടരുകയായിരുന്ന വില 1880 നിലവാരത്തിലേക്കെത്തി. 1880 എന്ന നിർണായക നിലവാരം കടന്നാൽ വില കുതിച്ചേക്കും. 1920 ഡോളർ വരെ ഉടൻ വില എത്തിയേക്കുമെന്നുള്ള വിലയിരുത്തലുകളുമുണ്ട്.
∙ ഫെഡറൽ റിസർവിന്റെ അടിയന്തര യോഗത്തിൽ പലിശനിരക്കു വർധനയെക്കുറിച്ച് സൂചിപ്പിച്ചെങ്കിലും വിപണിയിൽ സ്വർണവില കുറഞ്ഞില്ലെന്നു മാത്രമല്ല, 70 ഡോളറിലേറെ ഉയരുകയും ചെയ്തു. ഇത് പലിശനിരക്ക് ഉയർത്തൽ തീരുമാനം സ്വർണവിലയിൽ കാര്യമായ ഇടിവുണ്ടാക്കിയേക്കില്ലെന്ന സൂചന നൽകുന്നുണ്ട്.
വില കുറയാനുള്ള സാധ്യതകൾ:
∙ റഷ്യ–യുക്രെയ്ൻ പ്രതിസന്ധിയിൽ അയവു വരികയും യുദ്ധഭീതി പൂർണമായി ഒഴിയുകയും ചെയ്താൽ വൻകിട നിക്ഷേപകർ ഓഹരികളിലേക്കും മറ്റു നിക്ഷേപ മാർഗങ്ങളിലേക്കും തിരിച്ചെത്തും. ഇതു സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കും. നിലവിൽ നടക്കുന്ന ചർച്ചകൾ ഫലം കണ്ടാൽ സംഘർഷത്തിന് അയവു വരും. ഇതു സ്വർണ വില കുറയ്ക്കും.
∙ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമെന്ന് ഉറപ്പായതോടെ നിരക്കു വർധന എത്രത്തോളമാണെന്നാവും വിപണികൾ ഇനി ഉറ്റുനോക്കുക. പലിശ നിരക്ക് തീരുമാനം മാർച്ച് പകുതിയോടെ ഉണ്ടാകും. അപ്പോൾ യുക്രെയ്ൻ സംഘർഷത്തിന് അയവു വന്നേക്കും. യുദ്ധ ഭീഷണിയൊഴിഞ്ഞ് നിക്ഷേപകർ ബോണ്ടുകളിലേക്കും ഓഹരികളിലേക്കും മടങ്ങിപ്പോകുന്ന സാഹചര്യത്തിലുണ്ടാകുന്ന പലിശ ഉയർത്തൽ പ്രഖ്യാപനം സ്വർണത്തിന്റെ തിളക്കം കുറയ്ക്കും.
∙ അമേരിക്കയിൽ പണപ്പെരുപ്പം 7.5% എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. പണപ്പെരുപ്പം റെക്കോർഡിലെത്തിയത്, അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നുണ്ട്.
∙ രാജ്യാന്തര വിപണിയിൽ 1850–60 ഡോളർ നിലവാരത്തിലുള്ള സ്വർണവില ക്രമപ്പെടാനുള്ള സാധ്യതയും നിലവിൽക്കുന്നുണ്ട്. 1850, 1832 ഡോളർ നിലവാരങ്ങളിൽ സ്വർണത്തിനു ശക്തമായ പിന്തുണ നിലനിൽക്കുന്നുണ്ട്.
ഡയമണ്ടിന് വൻ വിലവർധന: നിർമാതാക്കൾ വിതരണം താൽക്കാലികമായി നിർത്തി
ഡയമണ്ട് വിലയിലും വൻ വർധന. കാരറ്റിന് 15,000 മുതൽ 25,000 രൂപ വരെ ഉയർന്നു. 5 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണിത്. 1,00,000 രൂപയായിരുന്ന വിലയാണ് 1,25,000 രൂപയോളം ഉയർന്നത്. ഇറക്കുമതി ചെയ്യുന്ന റഫ് ഡയമണ്ടിനിനും വില കൂടിയിട്ടുണ്ട്. പോളിഷ് ചെയ്ത ഡയമണ്ടിന് 2.5% നികുതി കഴിഞ്ഞ ബജറ്റിൽ കുറച്ചിരുന്നു.
റഫ് ഡയമണ്ട് ഇറക്കുമതി ചെയ്ത് ഇവിടെ കട്ടിങ്ങും പോളിഷിങ്ങും നടത്തുകയാണു ചെയ്യുന്നത്. കോവിഡ് മൂലം പല ഡയമണ്ട് സെന്ററുകളിലും നിർമാണം പകുതിയാക്കിയതും വില വർധനയ്ക്കു കാരണമായി. കേരളത്തിലും ഡയമണ്ട് വിതരണം ചെയ്യുന്ന വൻകിട നിർമാതാക്കൾ ഉൾപ്പെടെ ഇനിയും വില കൂടുമെന്നതിനാൽ വിതരണം താൽക്കാലികമായി നിർത്തി. ഡയമണ്ട് ആവശ്യത്തിന് ലഭിക്കാത്തതിനാൽ ഡയമണ്ട് ആഭരണ നിർമാണവും പ്രതിസന്ധിയിലാണ്.
English Summary: Gold, Diamond Price Rises Amid Ukraine Crisis