ശനിയാഴ്ച അപകടങ്ങളുടെ ദിവസം; അടിമാലി മേഖലയിൽ മൂന്ന് വാഹനാപകടം
അടിമാലി : മേഖലയിൽ ശനിയാഴ്ച മാത്രമുണ്ടായത് മൂന്ന് വാഹനാപകടങ്ങൾ. ആർക്കും കാര്യമായ പരിക്കേൽക്കാഞ്ഞത് ആശ്വാസമായി.
രാവിലെ 11.00ആനവിരട്ടി
ശനിയാഴ്ച രാവിലെ 11-മണിയോടെ ദേശീയപാതയിൽ ആനവിരട്ടിക്ക് സമീപത്താണ് ആദ്യം അപകടം ഉണ്ടായത്. തൃശ്ശൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ റോഡിന് സമീപത്തെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ നാല് പേർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. കാർ തലകുത്തനെ മറിഞ്ഞു. നാട്ടുകാരാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ റോഡിൽ എത്തിച്ചത്. വാഹനം ഭാഗികമായി തകർന്നു.
ഉച്ചയ്ക്ക് 1.30-ന് വട്ടയാർ
ദേശീയപാതയിൽ തന്നെ കല്ലാർ വട്ടയാറിലാണ് രണ്ടാമത്തെ അപകടം ഒന്നര മണിയോടെ ഉണ്ടായത്.
വട്ടയാർ മോളയിൽ ഐസക്കിന്റെ വീട്ടിലേക്ക് കാർ പതിക്കുകയായിരുന്നു. റോഡിന് താഴെയാണ് വീട്.
റോഡരികിൽ നിർത്തിയിരുന്ന ഒരു ബൈക്കിൽ ഇടിച്ചാണ് കാർ ഐസക്കിന്റെ മുറ്റത്ത് വീണത്. സംഭവം നടക്കുമ്പോൾ രണ്ട് പേർ വീടിന്റെ മുറ്റത്ത് ഉണ്ടായിരുന്നു. അപകടം കണ്ട് ഇവർ ഓടി. വീടിന്റെ സൺഷേഡിൽ തട്ടി വാഹനം മുറ്റത്ത് വീണു. വീടിന് സാരമായ തകരാർ ഉണ്ട്. മറയൂർ കോവിൽകടവ് സ്വദേശി പാവനാനയിൽ ഷാജിയുടെതാണ് വാഹനം. ഇയാളാണ് വാഹനം ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാണ് അപകടകാരണം. അടിമാലിയിൽനിന്നു കോവിൽകടവിന് പോകുകയായിരുന്നു.
ഉച്ചയ്ക്ക് 2.00കമ്പിളികണ്ടം
രണ്ട് മണിയോടെയാണ് മൂന്നാമത്തെ അപകടം ഉണ്ടായത്. കമ്പിളികണ്ടം സർക്കാർ ആശുപത്രിക്ക് സമീപം നെടുങ്കണ്ടം സ്വദേശിയുടെ ജീപ്പ് റോഡിന്റെ തിട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. അടിമാലിയിൽനിന്നും നെടുങ്കണ്ടത്തിന് പോയതാണ് ജീപ്പ്. രണ്ടാം ശനിയാഴ്ചയായതിനാൽ ദേശീയപാതയിൽ സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു. ദേശീയപാതയിൽ ഉണ്ടായ അപകടങ്ങളിൽ ഹൈവേ പോലീസ് എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്.