കുടുംബശ്രീ ‘അമൃതം ന്യൂട്രിമിക്സ്’ പദ്ധതിക്ക് ഗ്ലെൻമാർക്ക് ന്യൂട്രീഷ്യൻ അവാർഡ്
തിരുവനന്തപുരം ∙ സമൂഹത്തിൽ പോഷകാഹാരക്കുറവിന്റെ ആഘാതം ലഘൂകരിക്കാനായി നിസ്തുലമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്തു നടപ്പാക്കുന്നതിന് 2022 ലെ യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ഗ്ലെൻമാർക്ക് ന്യൂട്രീഷ്യൻ അവാർഡ് കുടുംബശ്രീയുടെ ‘അമൃതം’ ന്യൂട്രിമിക്സ് പദ്ധതിക്ക്.
സംസ്ഥാനത്തെ അങ്കണവാടികളിലെ ആറു മാസം മുതൽ മൂന്നു വയസ്സു വരെയുള്ള കുട്ടികൾക്കായി വിതരണം ചെയ്യുന്ന പോഷകാഹാരമായ ’അമൃതം‘ ന്യൂട്രിമിക്സിന്റെ ഉൽപാദനവും വിതരണവും കാര്യക്ഷമമായി നിർവഹിച്ചതിലൂടെ അഞ്ചു ലക്ഷത്തിലേറെ കുട്ടികൾക്ക് മികച്ച പോഷകാഹാര ലഭ്യത ഉറപ്പാക്കിയതിനാണു കുടുംബശ്രീക്ക് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്ന രാജ്യാന്തര അംഗീകാരം. ‘റൈസ് വേൾഡ് സമ്മിറ്റ്–2022’ ന്റെ സമാപന ചടങ്ങിൽ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽ ആൻഡ് ഗ്ലെൻമാർക്ക് ഫൗണ്ടേഷൻ ഡയറക്ടർ ഷെറിൽ പിന്റോ ആണ് അവാർഡ് പ്രഖ്യാപിച്ചത്.
പോഷകാഹാരക്കുറവു കാരണമുള്ള ആഘാതം ലഘൂകരിക്കുകയും അതുവഴി സമൂഹത്തിൽ മറ്റുള്ളവർക്ക് പ്രചോദനകരമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും പിന്തുണ നൽകുകയാണ് അവാർഡിന്റെ ലക്ഷ്യം. അർബൻ എൻജിഒ, റൂറൽ എൻജിഒ, ഓപ്പൺ കാറ്റഗറി എന്നീ മൂന്നു വിഭാഗങ്ങളിലായിരുന്നു അവാർഡ്. ഇതിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിലാണ് കുടുംബശ്രീക്ക് അംഗീകാരം. ’അമൃതം‘ ന്യുട്രിമിക്സ് ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241 യൂണിറ്റുകളാണ്.
കേന്ദ്ര സർക്കാർ പദ്ധതിയായ ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടിഎച്ച്ആർഎസ് ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാശിശു വികസനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുമായും സഹകരിച്ച് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രതിവർഷം 18,000 ടൺ ഭക്ഷ്യമിശ്രിതം ഉൽപാദിപ്പിക്കുന്നുണ്ട്.
English Summary: Kudumbasree bags award