ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഇടുക്കി
വാര്‍ത്താക്കുറിപ്പ് 10-02-2022
പൈനാവ് എഞ്ചിനീയറിഗ് കോളേജ് തിങ്കളാഴ്ച (14) തുറക്കും
കോളേജ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ നടന്നതിനാല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട പൈനാവ് എഞ്ചിനീയറിഗ് കോളേജ് ഫെബ്രുവരി 14 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കളക്ട്രേറേറ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമിയുടെയും സാന്നിധ്യത്തില്‍ നടത്തിയ സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കോളേജില്‍ സമാധാന അന്തരീക്ഷം ഒരുക്കാന്‍ രാഷ്ട്രീയ കക്ഷികളുടെ ഇടപെടലും സ്വാധീനവും ചെറുതല്ല. അവരുടെ ഉറപ്പാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. കോളേജിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ പോകുന്നതിനുള്ള സമീപനമാണ് ഓരോരുത്തരും സ്വീകരിക്കേണ്ടത്. അദ്ധ്യാപകര്‍ നേരിട്ട് തന്നെ മാതാപിതാക്കളെയും വിദ്യാര്‍ത്ഥികളെയും വിളിച്ചു ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കണം. അന്വേഷണവും നിയമനടപടികളും അതിന്റെ വഴിയേ നടക്കും. കോളേജിലുണ്ടായ അനിഷ്ട സംഭവത്തെക്കുറിച്ച് ക്യാമ്പസിനകത്ത് ഇനി ചര്‍ച്ച ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ത്ഥി നേതാക്കളും വകുപ്പു മേധാവികളും പരമാവധി ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ക്രമസമാധാന പരിപാലനത്തിന് വേണ്ട എല്ലാ സഹായവും സര്‍ക്കാരും ജില്ലാ ഭരണ കൂടവും നല്‍കുമെന്നും അതിനായി എല്ലാ പിന്തുണയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പ് നല്‍കി.
വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥ ഗൗരവമായി കാണണം. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു വേണം ക്ലാസുകള്‍ ആരംഭിക്കുവാന്‍. സംഘര്‍ഷങ്ങള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് പഠിക്കാന്‍ സാധ്യമായ അന്തരീക്ഷം ഒരുക്കണം. പോലീസിന്റെ നിരീക്ഷണം ക്യാമ്പസിനു പരിസരങ്ങളില്‍ ഉണ്ടാകണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്ന് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്ന് യോഗത്തിനെത്തിയ പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പു നല്‍കി. കോളേജിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനുള്ള എല്ലാ പിന്തുണയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും പാര്‍ട്ടി പ്രതിനിധികള്‍ വ്യക്തമാക്കി.
സിപിഐഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, കോണ്‍ഗ്രസ്സ് ഇടുക്കി ജില്ലാ കമ്മറ്റിയെ പ്രതിനിധികരിച്ച് എംഡി അര്‍ജുനന്‍, കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി ഷാജി ജോസഫ്, എ.ഡി.എം ഷൈജു പി ജേക്കബ്, ആര്‍ഡിഒ ഷാജി എം.കെ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെജി സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ്, വാര്‍ഡ് മെമ്പര്‍ രാജു ജോസഫ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജലജ എം.ജെ, ഡിവൈഎസ്പി പയസ് ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, ഇടുക്കി തഹസീല്‍ദാര്‍ വിന്‍സെന്റ് ജോസഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ റോമിയോ സെബാസ്റ്റ്യന്‍, പിബി സബീഷ്, വിദ്യാര്‍ത്ഥി-അദ്ധ്യാപക-പിടിഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.